നിരായുധരായ സൈനികരെ എന്തിനയച്ചു; രാഹുലിന് മറുപടിയുമായി വിദേശകാര്യമന്ത്രി


ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സൈന്യവും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും. ലഡാക്കിലെ ഗാൽവാനിൽ നടന്ന സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്ന് കരസേന അറിയിച്ചു. അതിർത്തിയിലുണ്ടായിരുന്ന എല്ലാ സൈനികരെ സംബന്ധിച്ചും അറിവുണ്ടെന്ന് സൈന്യം കൂട്ടിച്ചേർത്തു. അതിർത്തിയിലുള്ള എല്ലാ സൈനികരും ആയുധംവഹിച്ചാണ് നിൽക്കുന്നതെന്ന് എസ്. ജയശങ്കർ പറഞ്ഞു. പട്രോളിംഗ് പോസ്റ്റിൽനിന്ന് മടങ്ങുമ്പോഴും സൈനികർ ആയുധം കരുതും. എന്നാൽ ചൈനീസ് പട്ടാളവുമായി മുഖാമുഖംവരുമ്പോൾ ആയുധം ഉപയോഗിക്കാറില്ല. ഇത് 1996 ലെയും 2005 ലെയും കരാർ പ്രകാരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്കയച്ചത് എന്തിനാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ഇന്ത്യൻ സൈനികരെ കൊല ചെയ്യാൻ ചൈ നയ്ക്ക് എങ്ങനെ ധൈര്യം ലഭിച്ചു?, സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്ക് അയച്ചത് എന്തിന്?- രാഹുൽ ചോദിച്ചു. ഇതിന് ഉത്തരവാദി ആരാണെന്ന് അറിയേണ്ടതുണ്ടെന്നും രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ലഡാക്കിലെ ഗൽവാനിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സേനയുടെ ആക്രമണത്തിൽ ഒരു കേണൽ അടക്കം 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. എൺപതോളം സൈനികർക്കു പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.

ചൈനീസ് പക്ഷത്ത് 43 പേർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ സർക്കാരിനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ടായിരുന്നു. ഇന്നലെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ചൈനീസ് പക്ഷത്ത് 35 മരണമാണ് പറയുന്നത്. കേണലിനു തുല്യറാങ്കിലുള്ള ഒരു കമാൻഡറും ചൈനീസ് പക്ഷത്തു കൊല്ലപ്പെട്ടു. ഗൽവാനിൽ ചൈനീസ് സേന സമ്മതിച്ച പിന്മാറ്റം ശരിയായി നടന്നോ എന്നു വിലയിരുത്താൻ പോയ സംഘത്തെയാണ് ആക്രമിച്ചത്. നൂറുകണക്കിനു പേർ ആ ക്രമിക്കാൻ എത്തി. രാത്രി മുഴുവൻ നീണ്ടു സംഘട്ടനം. ചൊവ്വാഴ്ച പകൽ മേജർ ജനറൽ തലത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് മൃതദേഹങ്ങൾ വീണ്ടെടുത്തത്. നിരവധി പേർക്കു ഗൽവാൻ നദിയിൽ വീണായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയോടെ സംഘർഷമേഖലയിൽനിന്ന് ഇരുസേനകളും പിന്മാറി എന്നാണ് ഇ ന്ത്യൻ സൈനിക വക്താക്കൾ അറിയിച്ചത്. ബുധനാഴ്ച ലഡാക്കിൽ സംഘർഷമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed