കാട്ടാനകള്‍ ചരിഞ്ഞ സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
റായ്പുര്‍: ചത്തീസ്ഗഡില്‍ മൂന്നു കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ നാല് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സബ് ഡിവിഷണല്‍ ഉദ്യോഗസ്ഥനുള്‍പ്പടെ നാല് പേരെയാണ് വനംവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ബര്‍റാംപുര്‍, സുറാജ്പുര്‍ ജില്ലകളിലാണ് മൂന്നു ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന വ്യാഴാഴ്ച സംസ്ഥാന വനം മന്ത്രി മുഹമ്മദ് അക്ബര്‍ ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യത്തെ ആന ചരിഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
ഇതേ മേഖലയില്‍ തന്നെയാണ് രണ്ടാമത്തെ ആനയും ചരിഞ്ഞത്. വിഷാംശം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. അണുബാധയെ തുടര്‍ന്നാണ് മൂന്നാമത്തെ ആന ചരിഞ്ഞതെന്നാണ് അധികൃതര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

