ആരോഗ്യസേതു ആപ്പിലെ വിവരങ്ങൾ ചോരുമെന്ന് ഫ്രഞ്ച് ഹാക്കർ
ന്യൂഡൽഹി: കൊവിഡ് നിരീക്ഷണത്തിനുള്ള ആരോഗ്യസേതു ആപ്പിലെ വിവരങ്ങൾ ചോർത്താനാകുമെന്ന വെല്ലുവിളിയുമായി ഫ്രഞ്ച് ഹാക്കർ. ആപ്പ് സുരക്ഷിതമാണെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയെങ്കിലും വിവര ചോർച്ച സാധ്യമാണെന്ന് വീണ്ടും ഹാക്കർ വ്യക്തമാക്കി. എന്നാൽ, ആപ്പിൽ വ്യക്തിവിവരങ്ങൾ ചോരുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ബ്ലൂടൂത്ത് ഡേറ്റയിലൂടെ കൊവിഡ് വ്യാപനമറിയുന്ന ആരോഗ്യ സേതു ആപ്പ് 9 കോടി ജനങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഈ ഒന്‍പത് കോടി ജനങ്ങളുടെയും വിവരങ്ങൾ ചോർത്താനാകുമെന്ന വെല്ലുവിളിയുമായി ഇന്നലെ രാത്രിയാണ് ഹാക്കർ എലിയട്ട് ആൽഡേഴ്സൺ രംഗത്തെത്തിയത്. ആരോഗ്യ സേതുവിന്‍റെ ട്വിറ്റർ പേജ് ടാഗ് ചെയ്ത ഹാക്കർ ആപ്പിൽ സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. തൊട്ടുപിന്നാലെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററും, കന്പ്യൂട്ടർ എമർജൻസി റസ്പോൺസ് സംഘവും തന്നെ ബന്ധപ്പെട്ടതായും വിവര ചോർച്ച എങ്ങനെ സംഭവിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തിയതായും ആൽഡേഴ്സ്ൺ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, ആരോഗ്യ സേതു ആപ്പ് ഭദ്രമാണെന്നും വിവര ചോർച്ചയുണ്ടാകുമെന്ന വെല്ലുവിളിക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വിവര സുരക്ഷയിൽ പൂർണ്ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും ആപ്പിന്റെ നിയന്ത്രണാധികാരം സ്വകാര്യ കന്പനികൾക്ക് നൽകിയെന്ന ആരോപണം തെറ്റാണെന്നും കേന്ദ്രം വിശദീകരിച്ചു. ഇതുവരെയും വിവര ചോർച്ച ഉണ്ടായിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

