യുഎഇയിലുള്ള ഇന്ത്യക്കാരെ കപ്പലിൽ തിരികെ കൊണ്ടുവരുന്നത് വൈകും
ന്യൂഡൽഹി: യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കപ്പലിൽ തിരികെ കൊണ്ടുവരുന്നത് വൈകും. നാവികസേന കപ്പലുകൾക്ക് യുഎഇ അനുമതി നൽകാത്തതാണ് കാരണം. തയാറെടുപ്പിനു കുറച്ചു സമയം വേണമെന്ന് യുഎഇ അറിയിച്ചതായി ഇന്ത്യൻ എംബസി നാവികസേനയെ അറിയിച്ചു. കപ്പലുകൾ അനുവാദത്തിനായി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെ രണ്ടു കപ്പലുകളാണ് ദുബൈയിലേക്കു പുറപ്പെട്ടത്.
അതേസമയം, വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനത്തിൽ തിരികെ കൊണ്ടുവരുന്നത് വ്യാഴാഴ്ച മുതൽ ആരംഭിക്കും. മെയ് ഏഴ് മുതൽ 14 വരെയുള്ള ഏഴ് ദിവസങ്ങളിൽ 64 വിമാന സർവ്വീസുകൾ നടത്തി 14,800 പേരെ നാട്ടിലെത്തിക്കും. അബുദാബി, ദുബൈ, ദോഹ, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള ആദ്യ നാലു വിമാനങ്ങൾ നാളെ കേരളത്തിലെത്തും. അബുദാബിയിലും ദോഹയിലും നിന്നു കൊച്ചിയിലേക്കും ദുബായിലും റിയാദിലും നിന്ന് കോഴിക്കോട്ടേക്കുമാണ് സർവീസ്. മൊത്തം 800 പേർ വ്യാഴാഴ്ച കേരളത്തിലെത്തും. 15 വിമാനങ്ങളിലായി 3,150 പേരാണ് ഏഴ് ദിവസങ്ങളിലായുള്ള ആദ്യഘട്ടത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നത്.

