പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് കൂട്ടിയത്. എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം, അന്താരാഷ്ട്ര തലത്തിലെ എണ്ണവിലക്കുറവ് ഇന്ത്യയിലെ ജനങ്ങൾക്ക് പ്രയോജനമാകില്ല.
പുതുക്കിയ തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി. 2020 മാർച്ചിന് ശേഷം രണ്ടാം തവണയാണ് ഇന്ധനത്തിന് എക്‌സൈസ് തീരുവ വർധിപ്പിക്കുന്നത്. കൊവിഡ് 19 പ്രതിസന്ധിയെതുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുവ വർധിപ്പിച്ചതെന്നാണ് കേന്ദ്രത്തിന്റെ വാദം.

