കോവിഡ് പ്രതിസന്ധി; മഹാരാഷ്ട്രയിൽ കടുത്ത സാന്പത്തിക നിയന്ത്രണങ്ങൾ
മുംബൈ: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഏറ്റവും ദുരന്തം വിതയ്ക്കുന്ന മഹാരാഷ്ട്രയിൽ കടുത്ത സാന്പത്തിക നിയന്ത്രണങ്ങളുമായി സർക്കാർ. അടുത്ത വർഷം മാർച്ച് വരെ വികസനപ്രവർത്തനങ്ങൾ ഭൂരിഭാഗവും മരവിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുകയുടെ 87 ശതമാനവും റദ്ദാക്കാൻ തീരുമാനിച്ചു. സംസ്ഥാനം രൂപീകൃതമായതിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി വേണ്ടിവന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
ഉത്തർപ്രദേശ് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തുക ബജറ്റിൽ വകയിരുത്തുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രണ്ടു മാസങ്ങൾക്കു മുന്‍പ് അധികാരത്തിലേറിയ ശിവസേന-എൻസിപി-കോണ്‍ഗ്രസ് സഖ്യസർക്കാർ 4.34 ലക്ഷം കോടി രുപയാണ് 2020-21 സാന്പത്തിക വർഷത്തേയ്ക്ക് വകയിരുത്തിയത്. എന്നാൽ ബജറ്റ് തുകയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.
ലോക്ഡൗണ്‍ ആരംഭിച്ചതു മുതൽ ഇതുവരെ സംസ്ഥാനത്തിന് 50,000 കോടിയുടെ റവന്യൂ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനം കൂടിയായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയിലെ ഈ പ്രതിസന്ധി രാജ്യത്തിന്റെ മുഴുവൻ സാന്പത്തിക നിലയെ ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ കോവിഡ് ബാധ സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 12, 974 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. 548 പേർ മരിച്ചു. രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 40 ശതമാനം പേരും മഹാരാഷ്ട്രയിൽ നിന്നാണ്.

