പ്രവാസികളുടെ മടക്കത്തിന് കരട് പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ


ന്യൂഡൽഹി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ കരട് പദ്ധതി രൂപീകരിച്ചു. തിരികെ എത്തേണ്ടവരുടെ പട്ടിക വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ‍ എംബസികളാണ് രൂപീകരിക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിനായി പ്രത്യേക കണ്‍ട്രോൾ റൂം തുടങ്ങും. ഗൾഫ് മേഖലയിലുള്ള സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികൾക്കാകും തിരികെയെത്തിക്കേണ്ടവരിൽ‍ മുൻഗണന നൽകുകയെന്നാണ് വിവരം.

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കാവും പട്ടികയിൽ രണ്ടാമത് പരിഗണന നൽകുക. ഇന്ത്യയിലേക്ക് എത്തുന്ന ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാണ് ഇവരെ ക്വാറന്‍റൈനിൽ വിടണോ നേരിട്ട് ആശുപത്രിയിൽ എത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ വ്യോമസേനയും നാവികസേനയും ചേർന്നാണ് പ്രവർത്തിക്കുക. നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലായ ഐ.എൻ.എസ് ജലാംശയും ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്തു.

സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഐസൊലേഷനുള്ള ക്രമീകരണങ്ങളും കപ്പലുകളിൽ ഒരുക്കും. നാവിക സേനയുടെ ഒരു കപ്പൽ ഒരു സമയം 500 ആളുകളെ മാത്രമെ കതിരികെ എത്തിക്കൂ. കർശന സുരക്ഷാ മാനദണ്ധങ്ങൾ പാലിച്ചാവും പ്രവാസികളെ മടക്കി കൊണ്ടുവരുന്നത്. വ്യോമസേനയുടെ ഗ്ലോബൽ മാസ്റ്റർ വിമാനങ്ങളും എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളും ഈ ദൗത്യത്തിൽ പങ്കുചേരും. 

അതേസമയം നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്‌ട്രേഷൻ വിദേശകാര്യമന്ത്രാലയം തുടങ്ങി. എംബസികൾ മുഖേനയാണ് രജിസ്‌ട്രേഷൻ. വിമാന സർവ്വീസിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് രജിസ്‌ട്രേഷൻ എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും വിവരങ്ങൾ നൽകണം. കന്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

യാത്രാവിമാനങ്ങൾ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. നേരത്തേ നോർക്കയിൽ രജിസ്റ്റർ ചെയ്തവരും എംബസി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടി വരുമെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed