റെംഡെസിവിറിന് കൊറോണയെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് യുഎസ് ശാസ്ത്രജ്ഞര്‍


വാഷിങ്ടൺ: ആന്റിവൈറൽ മരുന്നായ റെംഡെസിവിർ കോവിഡിനെ കൃത്യമായി പ്രതിരോധിക്കുന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ. ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആയി റെംഡെസിവിർ കുറച്ചു. പരിശോധനയുടെ മുഴുവൻ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല, പക്ഷേ സ്ഥിരീകരിച്ചാൽ ഇത് ഒരു അതിശയകരമായ ഫലമാകുമെന്ന് വിദഗ്ദ്ധർ പറഞ്ഞു, അതേ സമയം ഇത് രോഗത്തിന് ഒരു ‘മാജിക് ബുള്ളറ്റ്’ അല്ലെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. 

എബോള ചികിത്സക്കായിട്ടാണ് റെംഡെസിവിർ ആദ്യം വികസിപ്പിച്ചെടുത്തത്. ആന്റിവൈറലായ റെംഡെസിവിർ സെല്ലുകൾക്കുള്ളിൽ വൈറസിന്റെ എൻസൈമിനെ അക്രമിച്ചുക്കൊണ്ടാണ് പ്രവർത്തിക്കുക. റെംഡെസിവിറിന്റെ ക്ലിനിക്കൽ പരിശോധനയിൽ 30 ശതമാനം വേഗത്തിൽ രോഗികൾ സുഖംപ്രാപിച്ചതായി കണ്ടെത്തി. രോഗത്തിൽ നിന്ന് സുഖംപ്രാപിക്കുന്നതിന്റെ സമയം കുറക്കുന്നതിലൂടെ വ്യക്തമായ ഫലം ഇതുണ്ടാക്കുന്നുവെന്ന് പഠനത്തിന് മേൽനോട്ടം വഹിച്ച യുഎസിലെ ഉന്നത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 1980 കളിൽ എച്ച്ഐവിക്കെതിരെ മിതമായ വിജയത്തോടെ പ്രവർത്തിച്ച ആദ്യത്തെ റിട്രോവൈറലുകളുമായി ഫൗസി ഈ കണ്ടെത്തലിനെ ഉപമിച്ചു. യുഎസ്,യുറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 68 ഇടങ്ങളിലായി 1063 ആളുകളിലാണ് പരിശോധന നടത്തിയത്.  

എബോള വൈറസിനെതിരായ പരീക്ഷണങ്ങളിലും ഒരു ചെറിയ പഠനത്തിലും റെംഡെസിവിർ പരാജയപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അതേ സമയം ചൈനയിലെ വുഹാനിൽ കഴിഞ്ഞ വർഷം രോഗം ആദ്യമായി കണ്ടെത്തിയ രോഗികളിൽ പരിമിതമായ ഫലങ്ങൾ കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. പുതിയ പഠനം സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed