കുറ്റപ്പെടുത്തലല്ല, അവ പരിഹരിച്ചുകാണിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് മൻമോഹൻസിങ്
മുംബൈ: എല്ലാ പ്രശ്നങ്ങൾക്കുംകാരണം പഴയ സർക്കാരാണെന്നു പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിച്ചുകാണിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. അഞ്ചരവർഷമായി ഭരണത്തിലിരുന്നിട്ടും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് അതിനു കഴിഞ്ഞിട്ടില്ല. ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു. ചില പിഴവുകളുണ്ട്. അഞ്ചരവർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ഇത്രയും സമയം ധാരാളമായിരുന്നു. അതുകൊണ്ട് കുറ്റങ്ങൾ മുഴുവൻ യു.പി.എ.യുടെ തലയിൽ ചുമത്തുന്നതിൽ അർഥമില്ലെന്നും മൻമോഹൻ പറഞ്ഞു.
മൻമോഹൻസിംഗ് പ്രധാനമന്ത്രിയും രഘുറാംരാജൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന കാലഘട്ടമാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവുംമോശം കാലഘട്ടമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബുധനാഴ്ച പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സമ്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ആദ്യം എന്താണ് യഥാർഥപ്രശ്നങ്ങളെന്നും അതിന് കാരണങ്ങളെന്തെന്നും കണ്ടെത്തണം. ഇതു കണ്ടെത്തി അംഗീകരിക്കാതെ പരിഹാരമുണ്ടാക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസ് സംഘടിപ്പിച്ച് 'വേഡ്സ് ഓഫ് വിസ്ഡം ഓൺ ഇന്ത്യൻ എക്കോണമി' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

