പൂജപ്പുര ജയിലിൽ പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസ് പ്രതിയിൽ നിന്നും കഞ്ചാവ് പിടിച്ചു
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെയും പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസിെലയും പ്രതി നസീം അടക്കം എഴുപേരിൽ നിന്ന് കഞ്ചാവ് പടിച്ചു. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരം നടത്തിയ മിന്നൽപ്പരിശോധനയിലാണ് കഞ്ചാവും മറ്റു ലഹരിയുല്പന്നങ്ങളും പിടിച്ചെടുത്തത്.
ജയിലുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളുയർന്ന സാഹചര്യത്തിലാണ് വിശദ പരിശോധന നടത്തിയത്. പകൽ ആരംഭിച്ച റെയ്ഡ് രാത്രി 9.30-നാണ് തീർന്നത്. കഞ്ചാവു പിടിച്ച സംഭവത്തിൽ നസീം അടക്കം ഏഴുപേർക്കെതിരേ പൂജപ്പുര പോലീസ് കേസെടുത്തു. ആശുപത്രി ബ്ലോക്കടക്കം 16 ബ്ലോക്കുകളിലാണ് പരിശോധന നടത്തിയത്. കഞ്ചാവു കൂടാതെ 15 കവർ ബീഡി, പാൻ പരാഗ്, സിഗരറ്റ് ലൈറ്ററുകൾ, 160 രൂപ എന്നിവയും കണ്ടെടുത്തു. കോടതികളിൽ പോയി മടങ്ങുമ്പോഴാണ് കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പ്രതികൾ കൊണ്ടുവരുന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ രണ്ടാം പ്രതിയായ നസീം പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസിൽ റിമാൻഡിലാണ്.

