അമ്പൂരി രാഖി വധക്കേസ് ആസൂത്രിത കൊലപാതകമെന്ന് കുറ്റപത്രം
തിരുവനന്തപുരം∙ അമ്പൂരി രാഖി വധക്കേസ് ആസൂത്രിത കൊലപാതകമെന്ന് പോലീസ് കുറ്റപത്രം. കൊലപാതകം, മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഖിയുടെ സുഹൃത്തും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജൂണ്‍ ഇരുപത്തിയൊന്നിനാണ് രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതാണ് കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.

