ലഹരിമരുന്ന് വില്‍പനക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതിപക്ഷം
മുംബൈ: ലഹരിമരുന്ന് വില്‍പനക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് എന്‍സിപിയിലെ ജിതേന്ദ്ര അവാഡ് ആണ് സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്. യുവതലമുറയെ നശിപ്പിക്കുന്ന ലഹരി വിപത്തിനെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നു ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍സിപി നേതാവ് അജിത് പവാര്‍ ലഹരിമരുന്ന് വില്‍പനക്കാര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ലഹരിമരുന്നു മാഫിയയെ അമര്‍ച്ചചെയ്യാന്‍ കടുത്ത നിയമങ്ങളിലൂടെയേ കഴിയൂ. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട വിദേശ പൗരന്‍മാര്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കണം-അജിത് പവാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലഹരിമരുന്നു ഉപയോഗം വര്‍ധിച്ചുവരികയാണെന്ന് ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍ തന്റെ മറുപടിയില്‍ സമ്മതിച്ചു.

