മെഹുല്‍ ചോക്‌സിയുടെ പൗരത്വം റദ്ദാക്കും: ആന്റഗ്വ പ്രധാനമന്ത്രി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ആന്റിഗ്വാ പൗരത്വം റദ്ദാക്കും. നിയമപരമായ നടപടിക്രമങ്ങൾ അവസാനിച്ചാൽ ഇയാളുടെ പൗരത്വം റദ്ദാക്കുമെന്നാണ് ദ്വീപ് രാജ്യമായ ആന്റിഗ്വായുടെ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
പൗരത്വം റദ്ദാക്കുന്നതോടെ മെഹുൽ ചോക്സിയെ തട്ടിപ്പ് കേസുകളിൽ വിചാരണക്ക് ഹാജരാക്കുന്നതിന് ഇന്ത്യക്ക് വിട്ട് കിട്ടാനുള്ള വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. അതേ സമയം ആന്റിഗ്വയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ല.
ആന്റിഗ്വായെ കുറ്റവാളികൾക്കുള്ള സുരക്ഷിത താവളമായി മാറാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ പറഞ്ഞു. ചോക്സിയുടെ പൗരത്വം സംബന്ധിച്ച് നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കപ്പെടും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് മെഹുൽ ചോക്സി ഇന്ത്യ വിട്ടത്.

