ഇരുപത്തി രണ്ടുകാരിയെ പീഡിപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ
ന്യൂഡൽഹി: 22 വയസ്സുള്ള യുവതിയെ നാലു ദിവസത്തോളം പീഡിപ്പിച്ച സഹോദരങ്ങളെ പേലീസ് അറസ്റ്റു ചെയ്തു. ഡൽഹിയിലെ അമർ കോളനിയിലാണു സംഭവം. ഡൽഹിയിൽ യുവതി ജോലി ചെയ്തിരുന്ന ചായക്കടയിലെ ഉടമയുടെ മക്കളാണ് പ്രതികൾ.
ഒരു ദിവസം സഹോദരങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് യുവതി അവിടെ നിന്നു രക്ഷപ്പെട്ട് അയൽവാസികളുടെ സഹായം തേടിയതോടെയാണ് വിവരം പോലീസ് അറിഞ്ഞത്. 376ഡി, 377, 506 എന്നീ വകുപ്പുകളാണ് യുവാക്കൾക്കു മേൽ ചുമത്തിയിരിക്കുന്നത്.
വീട്ടിലെ പ്രശ്നങ്ങൾ കാരണം ഈ മാസം 16 നാണ് യുവതി സ്വദേശമായ കാൺപൂരിൽ നിന്ന് ഡൽഹിയിലെത്തിയത്. ഒരു ദിവസം നിസാമുദ്ദീൻ റയിൽവേ സ്റ്റേഷനിൽ തങ്ങിയ യുവതി പിറ്റേ ദിവസം ജോലി അന്വേഷിച്ച് ലജ്പത് നഗറിലെത്തി. തന്റെ കടയിൽ സഹായിയായി ജോലി നൽകാമെന്ന് ഉടമ പറഞ്ഞു. അന്ന് വൈകുന്നേരം വരെ യുവതി അവിടെ ജോലി നോക്കി. വൈകിട്ട് ഹോട്ടലിലെത്തിയ ഉടമയുടെ മക്കളായ ഷത്രുന്തയും ഭരതും യുവതിയെ വീട്ടിലേക്കു കൊണ്ടുപോയി നാലു ദിവസത്തോളം നിരന്തരം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

