60 രൂപയ്ക്ക് വാങ്ങുന്ന മദ്യം സർക്കാർ വിൽക്കുന്നത് 690 രൂപയ്ക്ക്; അന്പരപ്പിക്കുന്ന കണക്ക് പുറത്ത്
തിരുവനന്തപുരം: വിവരാവകാശ പ്രകാരം പുറത്തുവന്ന കണക്കുകൾ കണ്ടാൽ മദ്യപാനികളുടെ ഹൃദയം തകരും. കേരള സർക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും വാങ്ങുന്ന മദ്യം വിൽക്കുന്നത് യഥാർത്ഥ വിലയിൽ നിന്നും പത്തിരട്ടിയിലേറെ ഇൗടാക്കിയാണ്. തിരുവനന്തപുരം സ്വദേശി ഡോ.ജോസ് സെബാസ്റ്റ്യൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഇതിൽ ചില കണക്കുകളിങ്ങനെ: ഓഫിസേഴ്സ് ചോയ്സ് ബ്രാൻഡി 750 മില്ലി ലിറ്റർ സർക്കാർ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. ഇത് സർക്കാർ വിൽക്കുന്നത് 690 രൂപയ്ക്കും. റമ്മിന്റെ വാങ്ങുന്ന വില 61.03 രൂപയും വിൽക്കുന്ന വില 650 രൂപയുമാണ്. ഓഫീസേഴ്സ് ചോയ്സ് വിസ്‌കി വാങ്ങുന്നത് 58.27 രൂപയ്ക്കും വിൽക്കുന്നത് 630 രൂപയ്ക്കും. ബിജോയ്സ് പ്രീമിയം ബ്രാൻഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വിൽക്കുന്നത് 560 രൂപയ്ക്കും. ബക്കാർഡി ക്ലാസിക് സൂപ്പർ റം 167.36 രൂപയ്ക്ക് വാങ്ങുന്ന സർക്കാർ 1240 രൂപയ്ക്കാണ് വിൽക്കുന്നത്. ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കും വിൽക്കുന്നത് 770 രൂപയ്ക്കുമാണ്. ഹെർക്കുലീസ് റമ്മിന്റെ വാങ്ങുന്ന വില 63.95 രൂപയും വിൽക്കുന്ന വില 680 രൂപയുമാണ്. ഇത്തരത്തിൽ മദ്യപാനികൾ മൂക്കത്ത് വിരൽ വച്ചുപോകുന്ന തരത്തിലാണ് വാങ്ങലും വിൽപ്പനയും. നികുതിയാണ് ഇത്തരത്തിൽ വില ഇൗടാക്കാനുള്ള കാരണം.

