44 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന്: ആറിടത്ത് ഭരണത്തിൽ നിർണായകം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശഭരണ വാർഡുകളിലേക്ക് ജൂൺ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് ആറു തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിൽ നിർണായകമാകും. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യനിലയോ ഒരു വോട്ടിന്റെ മേൽക്കൈയ്യോ ഉള്ള സ്ഥാപനങ്ങളിലാണ് ഫലം ഭരണത്തെ ബാധിയ്ക്കാനിടയുള്ളത്. വോട്ടെണ്ണൽ 28ന് നടക്കും. ആകെയുള്ള 44 വാർഡുകളിൽ 23 എണ്ണം കഴിഞ്ഞതവണ എൽ.ഡി.എഫ് ജയിച്ച വാർഡുകളാണ്. 14 ഇടത്ത് യു.ഡി.എഫും നാലെണ്ണം ബി.ജെ.പിയുമാണ് ജയിച്ചത്. മൂന്ന് സീറ്റുകളിൽ മുന്നണികൾക്കെതിരെ മത്സരിച്ച വിമതരാണ് വിജയിച്ചത്.
തിരുവനന്തപുരത്ത് ഏഴിടത്തും കൊല്ലത്ത് നാലിടത്തുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആലപ്പുഴയിൽ അഞ്ചിടത്തും പത്തനംതിട്ടയിൽ ഒരിടത്തും കോട്ടയത്ത് ആറിടത്തും ഇടുക്കിയിൽ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും വോട്ടെടുപ്പ് നടക്കും. എറണാകുളത്ത് രണ്ടിടത്തും തൃശൂരിൽ നാലിടത്തും പാലക്കാട്ട് രണ്ടിടത്തും മലപ്പുറത്ത് അഞ്ച് വാർഡുകളിലുമാണ് വോട്ടെടുപ്പ് നടക്കുക. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

