ശക്തമായ മഴയിൽ പന്തൽ തകർന്നു; 14 പേർ മരിച്ചു, 50 പേർക്ക് പരിക്ക്
ജയ്പുർ: രാജസ്ഥാനിലെ ബാർമറിൽ കനത്ത മഴയെ തുടർന്ന് പന്തൽ തകർന്നുവീണ് 14 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരം. ജസോൾ ഗ്രാമത്തിലെ റാണി ഭട്ടിയാനി ക്ഷേത്രത്തിന് സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച പന്തലാണു തകർന്നുവീണത്. ഒരു മതപരമായ ചടങ്ങിനു വേണ്ടി ഈ പന്തലിൽ ആയിരക്കണക്കിനു പേർ എത്തിയിരുന്നു. തകർന്ന പന്തലിനുള്ളിൽ കുടുങ്ങിയ ചിലർ വൈദ്യുതാഘാതമേറ്റാണു മരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

