ഓം ബിർള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു
ന്യൂഡൽഹി: പതിനേഴാം ലോക്സഭയുടെ സ്പീക്കറായി മുതിർന്ന ബി.ജെ.പി നേതാവും രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ ഓം ബിർളയെ (57) തെരഞ്ഞെടുത്തു. പ്രതിപക്ഷം എതിർസ്ഥാനാർത്ഥിയെ നിർത്താതിരുന്നതിനാൽ ഐക്യകണ്ഠേനേയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിർളയെ സ്പീക്കറായി നിർദ്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. മുഴുവൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതോടെ അദ്ദേഹം ലോക്സഭാ സ്പീക്കറായി ചുമതലേയറ്റു. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നയിച്ചു.
ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്ക്ക് ന്യൂഡൽഹിയിലെ വസതിയിൽ കുടുംബാംഗങ്ങൾ മധുരം നൽകുന്നു
ഒരു ജനപ്രതിനിധി എന്ന നിലയിൽ അവിസ്മരണീയമായ സംഭാവനകൾ രാജ്യത്തിന് നൽകിയ ആളാണ് ഓം ബിർളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിൽ നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവർത്തനവും രാഷ്ട്രപുരോഗതിക്കായി നടത്തിയ സംഭവാനകളും പ്രശംസിക്കപ്പെടേണ്ടതാണ്. രാജസ്ഥാന്‍റെ വളർച്ചയിൽ തന്‍റേതായ പങ്ക് അദ്ദേഹം വഹിച്ചു. കോട്ട പോലൊരു ചെറിയ നഗരം ഇന്ന് നേടിയ വളർച്ചയിൽ അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമവും കാരണമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഓം ബിർള ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുന്‍പ് മൂന്ന് തവണ അദ്ദേഹം എം.എൽ.എയുമായിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായാണ് ഓം ബിർള അറിയപ്പെടുന്നത്.

