തീരുമാനം മാറ്റി; തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡോക്ടറെ മമതാ സന്ദർശിക്കില്ല
കൽക്കത്ത: തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഡോക്ടറെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സന്ദർശിക്കില്ല. ഡോക്ടർമാർ പ്രക്ഷോഭം പിന്‍വലിച്ച് ജോലിയിൽ പ്രവേശിക്കാന്‍ കൂട്ടാക്കത്തതിനെ തുടർന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡോക്ടറെ കാണേണ്ടെന്ന് മമത ബാനർജി തീരുമാനിച്ചത്. നേരത്തെ സമരം ശമിപ്പിക്കുന്നതിന്റെ ഭാഗമായി ഗുരുതരമായി പരിക്കേറ്റ് കൊൽക്കത്ത ന്യൂറോ സയന്‍സ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഡോക്ടറെ കാണാന്‍ മുഖ്യമന്ത്രി മമത ബാനർജി എത്തുമെന്ന് സൂചനയുണ്ടായിരുന്നു. വിഷയത്തിൽ എടുത്ത നിലപാടുകൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും വ്യാപക എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡോക്ടർ പാരിബാഹ മുഖോപധ്യായയെ കാണാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.സംഭവത്തിൽ ഡോക്ടർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊൽക്കൊത്തയിലും രാജ്യത്താകമാനവും പ്രതിഷേധമുയർന്നിരുന്നു.
സമരത്തിലുള്ള ഡോക്ടർമാർക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും 700 ഓളം ഡോക്ടർമാർ കൊൽക്കൊത്തയിൽ രാജി നൽകുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന തിരിച്ചറിഞ്ഞ മമത പിന്നീട് ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ആദ്യം മുഖ്യമന്ത്രി മാപ്പ് പറയണമെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. ഇതേ തുടർന്നാണ് സ്ഥിതിഗതികൾ മയപ്പെടുത്താന്‍ ചികിത്സയിലുള്ള ഡോക്ടറെ കാണാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതാണ് ഇപ്പോൾ വേണ്ടെന്ന്് വച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.ആർ.എസ് മെഡിക്കൽ കോളേജിൽ 75 കാരന്‍ ചികിത്സയ്ക്കിടെ മരിച്ചത്. പിന്നീട് രോഗിയുടെ ബന്ധുക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പാരബാഹയെ മർദ്ദിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധം തുടങ്ങിയത്. എന്നാൽ സംഭവങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും സിപി എം ഉം ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം

