ഡിസംബർ വരെ ബി.ജെ.പി അധ്യക്ഷനായി അമിത് ഷാ തുടരുമെന്നാണ് സൂചന: ഭാരവാഹിയോഗം നാളെ ഡൽഹിയിൽ
ന്യൂഡൽഹി: ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നത് വരെ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്ന് സൂചന. ഇക്കാര്യത്തിൽ നാളെ അന്തിമതീരുമാനമുണ്ടാകും. ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെ സമയക്രമം ചർച്ച ചെയ്യാൻ അമിത് ഷായുടെ അധ്യക്ഷതയിൽ നാളെ ദില്ലിയിൽ യോഗം ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.
ബിജെപിയുടെ ദേശീയ ഭാരവാഹികൾ, സംസ്ഥാനാധ്യക്ഷൻമാർ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ എന്നിവരെല്ലാം നാളത്തെ യോഗത്തിൽ പങ്കെടുക്കും. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. ഭാരവാഹിയോഗത്തിന് ശേഷം ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ജൂൺ 18-ന് ചേരുന്നുണ്ട്.

