ഇന്റർനെറ്റ് ലഭ്യത കുട്ടികളുടെയും മൗലികാവകാശം: പൂർണ വിലക്ക് പാടില്ലെന്ന് സുപ്രീം കോടതി
ശാരിക
ന്യൂഡല്ഹി: കുട്ടികളുടെ ഇന്റര്നെറ്റ് ഉപയോഗം പൂർണമായി തടയാനാകില്ലെന്ന് സുപ്രീംകോടതി. ഇന്റര്നെറ്റ് ലഭ്യത കുട്ടികളുള്പ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രായത്തിന്റെ പേരിൽ ഇന്റര്നെറ്റ് വിലക്കാനാവില്ലെന്നും, ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപരിധി പരിശോധിക്കുന്നതിനായി വ്യക്തിഗത വിവരങ്ങള് ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാകുമെന്നും വിധിയിലുണ്ട്.
ജസ്റ്റിസുമാരായ ജെ.ബി. പര്ദിവാല, കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിയമം മൂലം ഇന്റര്നെറ്റ് നിരോധിച്ചാലും കുട്ടികള് സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറുമെന്നും, ഇത് കൂടുതല് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും കോടതി വിലയിരുത്തി. കൂടാതെ, ഇന്റര്നെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കള് ശിക്ഷിക്കുമെന്ന ഭയം കാരണം കുട്ടികൾ ഓണ്ലൈന് ചൂഷണങ്ങള്ക്ക് ഇരയായാലും പുറത്തുപറയാൻ മടിക്കുമെന്നും, ഇത് പോക്സോ കേസിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പൂര്ണമായ നിരോധനത്തിനു പകരം മാതാപിതാക്കളുടെ മേല്നോട്ടവും അനുബന്ധ സുരക്ഷാ സംവിധാനങ്ങളുമാണ് ആവശ്യമെന്ന് കോടതി നിര്ദേശിച്ചു. കുട്ടികള്ക്കായി പ്രത്യേക 'ചൈല്ഡ് മോഡ്' സംവിധാനം ഏര്പ്പെടുത്താവുന്നതാണ്. ഇതിലൂടെ അക്കൗണ്ടുകള് സ്വകാര്യമാക്കാനും, അപരിചിതരായ മുതിര്ന്നവരുടെ സന്ദേശങ്ങളും പരസ്യങ്ങളും നിയന്ത്രിക്കാനും സാധിക്കും. കൂടാതെ, കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള് കണ്ടെത്തി ഉടൻ നീക്കം ചെയ്യാനും സുപ്രീംകോടതി കർശന നിർദേശം നൽകി.
asdasd

