അമിത് ഷായുടെ പേരിന് പേർഷ്യൻ വേരുകൾ : അത് ആദ്യം മാറ്റട്ടെയെന്ന് ഇർഫാൻ ഹബീബ്


ന്യൂഡൽഹി : രാഷ്ട്രീയതാൽപര്യങ്ങൾക്കനുസരിച്ച് സ്ഥലങ്ങളുടെ പേര് മാറ്റുന്ന ബിജെപിയുടെ നടപടിയെ പരിഹസിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പേരിന് പേർഷ്യൻ വേരുകളുണ്ടെന്നും ഇതു മാറ്റുന്നതാണ് ബിജെപി ആദ്യം പരിഗണിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഗുജറാത്ത് എന്ന പേരിനു പിന്നിലും പേർഷ്യൻ വേരുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമികമല്ലാത്ത എല്ലാ പേരുകളും പാക്കിസ്ഥാനിൽ തുടച്ചു നീക്കുന്നതിനു തുല്യമായ നടപടിയാണ് ബിജെപി സർക്കാരിന്റേതെന്നും ഇർഫാൻ ഹബീബ് വിമർശിച്ചു.

ഒരു വർഷത്തിനിടെ 25 സ്ഥലങ്ങൾക്കാണ് രാജ്യത്തു പേരു മാറ്റിയത്. ബിജെപിയുടെ രാഷ്ട്രീയതാൽപര്യത്തിന്റെ പ്രതിഫലനമായിരുന്നു പേരുമാറ്റത്തിലേറെയും. ഇതിനിടെ, ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അലഹബാദിനെ പ്രയാഗ്‌രാജ് ആക്കാനും ഫൈസാബാദിനെ അയോധ്യയാക്കാനുമുള്ള ശുപാർശ കേന്ദ്രത്തിനു ലഭിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കേരളത്തിൽ, മലപ്പുറത്തെ അരീക്കോട് ഇംഗ്ലീഷിലെഴുമ്പോൾ ഉണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചതടക്കമുള്ള ചില മാറ്റങ്ങളും ഒരു വർഷത്തിനിടെ ഉണ്ടായതാണ്. അരിക്കോടിനു പുറമേ, കേരളത്തിൽനിന്നു പേരുമാറ്റത്തിനു സർക്കാർ ശുപാർശയുള്ളത് കാസർകോട് ജില്ലയിലെ പള്ളിക്കരയ്ക്കും തൃശൂർ ജില്ലയിലെ കല്ലൂർ വടക്കുംമുറി ഗ്രാമത്തിനുമാണ്. പള്ളിക്കര കോട്ടിക്കുളമെന്നും വടക്കുംമുറി കാടുകുറ്റിയെന്നും പേരുമാറ്റാനാണു ശുപാർശ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed