മലിനീകരണം : ലോകത്ത് ഒന്നാമത് രാജ്യ തലസ്ഥാനം
ന്യൂഡൽഹി : ലോകത്ത് ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരം രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയെന്ന് റിപ്പോർട്ട്. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നടത്തിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ. 14 മില്ല്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലാവരം താരതമ്യം ചെയ്ത് ഡബ്ല്യു.എച്ച്.ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 17 ദശലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന ഡൽഹിയിൽ മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. മുംബൈ, വാരാണസി ഉൾപ്പെടെ ഇന്ത്യയിലെ 14 നഗരങ്ങൾ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയാണ്.
മലിനീകരത്തിൽ രണ്ടാം സ്ഥാനം ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്റോ നഗരത്തിനും, മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അഞ്ചാം സ്ഥാനം ബെയ്ജിങിനുമാണ്. ലോകത്തെ 90 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നത്. മലിനവായു ശ്വസിച്ചതിനെ തുടർന്ന് 2016−ൽ 70 ലക്ഷം ആളുകൾ മരണപ്പെട്ടതായാണ് ഡബ്ല്യു.എച്ച് ഒയുടെ കണക്ക്. അന്തരീക്ഷ മലിനീകരണവും കെട്ടിടങ്ങളുടെ ഉള്ളിലെ മലിനീകരണവും ഇന്ത്യയെ വലയ്ക്കുന്ന പ്രശ്നങ്ങളാണ്. രാജ്യത്ത് മറ്റ് ചെറുനഗരങ്ങളും ഡൽഹിയിലേതിന് സമാനമായ മലിനീകരണമുള്ളവയാണ്.

