ഇടുക്കിയിൽ രാത്രികാല സഞ്ചാരവിലക്കിനെതിരെ ജനരോഷം ശക്തമാകുന്നു; ഉത്തരവ് പിൻവലിക്കണമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും


ഷീബ വിജയൻ

ഇടുക്കി: ഇടുക്കി ജില്ലയിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന തോട്ടങ്ങളിലൂടെ വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെ മനുഷ്യസഞ്ചാരവും ജോലികളും നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാകുന്നു. തൊടുപുഴ ഒഴികെയുള്ള ജില്ലയിലെ ഭൂരിഭാഗം ജനവാസ മേഖലകളും വനത്തോടും വന്യജീവി സങ്കേതങ്ങളോടും ചേർന്നു കിടക്കുന്നവയായതിനാൽ തോട്ടം മേഖലയിലെ രാത്രികാല യാത്രാവിലക്ക് ജനജീവിതത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയാണുള്ളത്.

കഴിഞ്ഞ സെപ്റ്റംബർ 28-നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പുറമെ, വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ വനാതിർത്തികളിലും സമീപ പ്രദേശങ്ങളിലുമുള്ള വേലികളും നിർമ്മാണങ്ങളും പൊളിച്ചുനീക്കണമെന്ന് സെപ്റ്റംബർ 23-നും കളക്ടർ ഉത്തരവിട്ടിരുന്നു. ജനജീവിതത്തെയും ടൂറിസത്തെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ഉത്തരവുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

കർഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കുന്ന ഈ നടപടിയെക്കുറിച്ച് മുൻ മന്ത്രി റോഷി അഗസ്റ്റിൻ ശക്തമായി പ്രതികരിച്ചു. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതെ വനത്തിനുള്ളിൽ നിർത്താൻ ശ്രദ്ധിക്കാതെ ഇത്തരത്തിലുള്ള ഉത്തരവുകൾ ഇറക്കുന്നത് മലയോര ജനതയോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണം തന്നെ ദുരന്തമായി മാറുന്ന അവസ്ഥ ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൃഗസംരക്ഷണം മാത്രം പോരെന്നും, കർഷകന്റെ ജീവനും ഭൂമിക്കും അധ്വാനത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഇടുക്കി രൂപതാ മീഡിയോ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി. ജനങ്ങളുടെ ജീവിതം കേൾക്കാതെയുള്ള ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാത്രികാല യാത്രാനിരോധനത്തിലൂടെ തോട്ടം മേഖലയിലെ ജനങ്ങളെ ബന്ദികളാക്കുകയാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ആരോപിച്ചു. തൊഴിലാളികളെയും കർഷകരെയും ദ്രോഹിക്കുന്ന ഈ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇടുക്കിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കിരാത നിയമമാണിതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. തോട്ടം തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവ് പുറപ്പെടുവിച്ചതിൽ വലിയ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് എം.പി ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദുരുപയോഹം ചെയ്യാൻ സാധ്യതയുണ്ടെന്നും വനാതിർത്തികളോട് ചേർന്ന് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവിൽ ഭേദഗതി വരുത്താനോ പിൻവലിക്കാനോ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് മലയോര ജനതയുടെയും രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും ആവശ്യം.

article-image

ddsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed