ഗാന്ധികുടുംബത്തിന്റെ സംഭാവനകൾ വിശദീകരിക്കാമോ എന്ന് രാഹുലിനോട് അമിത് ഷാ
ബംഗളൂരു : ഗാന്ധികുടുംബത്തിലെ നാലുതലമുറകളുടെ സംഭാവനകളെക്കുറിച്ചറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ടെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ. വടക്കൻ കർണാടകയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലുവർഷത്തെ ഭരണത്തെക്കുറിച്ചുള്ള രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി നാലുവർഷംകൊണ്ട് എന്തുനൽകിയെന്നാണ് രാഹുൽഗാന്ധി കർണാടകത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ ചോദിക്കുന്നത്. എന്നാൽ, നിങ്ങളുടെ കുടുംബത്തിന്റെ നാലുതലമുറകളുടെ നേട്ടമെന്താണെന്ന് രാജ്യത്തെ ജനങ്ങൾ ചോദിക്കുകയാണ്. കർണാടകത്തെ വികസനത്തിൽ ഒന്നാംസ്ഥാനത്തെത്തിക്കാൻ ബി.എസ്. യെദ്യൂരപ്പയ്ക്ക് അവസരം നൽകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
കഴിഞ്ഞ 12 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. 13−ാമത്തെ പരാജയമാണ് കർണാടകത്തിൽ വരാനിരിക്കുന്നത്. 2008−ൽ ബി.ജെ.പി. സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും ബാഗൽകോട്ടിലെ ബി.ജെ.പി റാലിയിൽ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ യു.പി.എ ഭരണകാലത്ത് കേന്ദ്രത്തിൽ നിന്ന് കർണാടകത്തിന് ലഭിച്ചത് 88,000 കോടി രൂപയാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചത് 2.19 ലക്ഷം കോടിയാണ്. തിരഞ്ഞെടുപ്പുവിജയത്തിന് കോൺഗ്രസ് ആശ്രയിക്കുന്നത് സിദ്ധരാമയ്യയെയാണ്. എന്നാൽ, സിദ്ധരാമയ്യയ്ക്ക് വിജയമുറപ്പാക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലിംഗായത്ത് വിഭാഗത്തിന്റെ ബസവേശ്വര ഐക്യസ്ഥലം അമിത് ഷാ സന്ദർശിച്ചു. വിജയപുരയിൽ നടന്ന റോഡ്‌ഷോയിൽ നൂറുകണക്കിന് പാർട്ടിപ്രവർത്തകർ പങ്കെടുത്തു.

