സൽമാൻ ഖാൻ വനംവകുപ്പിന്റെ കുറ്റവാളി പട്ടികയിൽ
ന്യൂഡൽഹി : വനംവകുപ്പിന്റെ കുറ്റവാളി പട്ടികയിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും. മുപ്പത്തിയൊന്പതാം ലിസ്റ്റിലാണ് സൽമാന്റെ സ്ഥാനം. വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോയുടെ വെബ്സൈറ്റിലാണ് സൽമാൻഖാൻ ഉൾപ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറ്റവാളികളുടെ ഭൂതകാല പശ്ചാത്തലം വ്യക്തമാക്കുന്നത് വഴി സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജോധ്പൂർ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതാണ് സൽമാൻ ഖാൻ പട്ടികയിൽ ഉൾപ്പെടാൻ കാരണം. അഞ്ച് വർഷം തടവിനാണ് കോടതി സൽമാനെ ശിക്ഷിച്ചത്. തുടർന്ന് ജാമ്യം ലഭിച്ച സൽമാൻ ഒരുദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. മെയ് 7നാണ് സൽമാന്റെ ജാമ്യാപേക്ഷയിൽ തുടർവാദം കേൾക്കുക. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സൽമാനൊപ്പം പട്ടികയിലുള്ള മറ്റ് കുറ്റവാളികൾ.
1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വെച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. 2007−ൽ ഈ കേസിൽ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട സൽമാൻ ഓരാഴ്ചത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. 1998 ഒക്ടോബറിൽ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങൾ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തിൽ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്.
20 വർഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സൽമാൻഖാൻ ശിക്ഷിക്കപ്പെടുന്നത്. ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശംവച്ച കേസിൽ സൽമാനെ നേരത്തേകോടതി വെറുതേ വിട്ടിരുന്നു. മറ്റൊരു മാൻവേട്ട കേസിൽ നിന്ന് രണ്ടുകൊല്ലം മുന്പ് ഖാൻ ശിക്ഷകിട്ടാതെ രക്ഷപെട്ടിരുന്നു. ചിങ്കാരമാനുകളെ കൊന്നകേസിലാണ് ജോധ്പുർ കോടതി സൽമാനെ കോടതി വെറുതെവിട്ടത്. 2002−ൽ വഴിയരികിൽ ഉറങ്ങിക്കിടന്നവരെ കാർ കയറ്റി കൊന്നുവെന്ന കേസിലും ഖാൻ ശിക്ഷിക്കപ്പെട്ടില്ല.
