കെ.എസ്.ആർ.ടി.സിയിലെ 30% ജീവനക്കാരും അയോഗ്യരാണെന്ന് ടോമിൻ തച്ചങ്കരി
കണ്ണൂർ : കെ.എസ്.ആർ.ടി.സിയിൽ ജോലിചെയ്യുന്ന 30 ശതമാനം ജീവനക്കാരും അയോഗ്യരാണെന്ന് സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ തൊഴിൽ സംസ്കാരത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഈ സ്ഥാപനം പൂട്ടേണ്ടിവരുമെന്നും കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഗാരേജ് മീറ്റിൽ ജീവനക്കാരുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു.
നിന്ദ്യവും അപഹാസ്യവുമായ വ്യവസ്ഥയുള്ളത് ഇവിടെ മാത്രമാണ്. ജനങ്ങൾക്കുവേണ്ടിയാണ് കെ.എസ്.ആർ.ടി.സി ഓടുന്നത്. അല്ലാതെ തൊഴിലാളികൾക്ക്വേണ്ടിയല്ല. കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ ഭൂരിഭാഗവും ജോലിചെയ്യുന്നത് ആത്മാർഥമായിട്ടല്ല. തങ്ങൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ നേടിയെടുക്കാം എന്ന് മാത്രമാണ് ഇവരുടെ ചിന്ത. പഴയപോലെ കാര്യങ്ങൾ നടക്കില്ല. മാറ്റത്തിന് ഭൂരിഭാഗം തൊഴിലാളികളും അനുകൂലമാണ്. സ്വകാര്യ ബസ്സുകൾ എങ്ങനെ ലാഭത്തിലോടുന്നുവെന്ന് കണ്ടുപഠിക്കണം. കെ.എസ്.ആർ.ടി.സിയെക്കുറിച്ച് എല്ലാ യാത്രക്കാർക്കും പരാതിയുണ്ട്. യാത്രക്കാരാരും കെ.എസ്.ആർ.ടി.സിയുടെ സേവനത്തിൽ തൃപ്തരല്ല. ജോലിയെടുക്കാൻ പലർക്കും മടിയാണ്. ശന്പളത്തിലും അലവൻസിലും മാത്രമാണ് ഇവരുടെ ശ്രദ്ധ. ഇതു ശരിയാണോയെന്ന് സ്വയം പരിശോധിക്കണമെന്നും പറഞ്ഞ തച്ചങ്കേരി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്നും ഉയർത്താനുള്ള ദൗത്യം ഞാൻ ഏറ്റെടുത്തുകഴിഞ്ഞുവെന്നും ഉമ്മാക്കി കാട്ടി എന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും വിഷം മേടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. കൃത്യമായി ബസ്സുകൾ ഓടിച്ചാൽ പോലും നിലവിലുള്ള സേവന−വേതന വ്യവസ്ഥകളിൽ മാറ്റംവരുത്തിയില്ലെങ്കിൽ ബുദ്ധിമുട്ടാകും. കെ.എസ്.ആർ.ടി.സിയിൽ നിന്ന് നീണ്ട അവധിയെടുത്ത് വിദേശത്തേക്ക് ജോലിക്കുപോയവരെ ജോലിയിൽനിന്നു പിരിച്ചുവിടുമെന്നും വ്യക്തമാക്കി.
ഇപ്പോഴും മിക്ക കെ.എസ.്ആർ.ടി.സി ബസ്സുകളും നാമമാത്രമായ യാത്രക്കാരുമായി പോകുന്നതു കാണാം. ഡ്രൈവറോ കണ്ടക്ടറോ യാത്രക്കാരെ കയറ്റാൻ താൽപ്പര്യം കാട്ടാത്ത അവസ്ഥയുമുണ്ട്. യാത്രക്കാരില്ലാത്ത ബസ്സുകൾ സർവ്വീസ് നടത്തേണ്ടതില്ല. പണിയെടുത്താലും ഇല്ലെങ്കിലും ശന്പളം കിട്ടുമെന്ന അവസ്ഥ മാറ്റും. കെ.എസ്.ആർ.ടി.സി പൂട്ടിയാൽ അതിന്‍റെ നഷ്ടം ജീവനക്കാർക്ക് മാത്രമായിരിക്കും. അതുകൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുമായുള്ള സംവാദത്തിനുശേഷമാണ് അദ്ദേഹം ഡിപ്പോ സന്ദർശിച്ചത്. പരാതികളുമായി എത്തിയ ജീവനക്കാരോട് ആദ്യം വരുമാനമുണ്ടാക്കിത്തരൂ, പിന്നെയെല്ലാം പരിഹരിക്കാം എന്നായിരുന്നു തച്ചങ്കരിയുടെ മറുപടി. ശന്പളം നൽകാൻ പോലും കടം വാങ്ങുന്ന ഏകസ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. 3100 കോടി രൂപ നഷ്ടത്തിലാണ് ഈ വകുപ്പ് പ്രവർത്തിക്കുന്നതെന്നും കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു.
