തെരുവു നായയെ തല്ലിക്കൊന്ന അച്ഛനും മകനും അറസ്റ്റിൽ
ന്യൂഡൽഹി: തെരുവുനായയെ തല്ലിക്കൊന്ന അച്ഛനും മകനും അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ ഗാന്ധി നഗറിലാണ് സംഭവം. വീടിനു മുന്നിൽ നിന്നു സ്ഥിരമായി കുരച്ചു ശല്യം ചെയ്ത തെരുവ് നായയെയാണ് സൽപാൽ ചൗധരിയും മകനും തല്ലിക്കൊന്നത്. എന്നാൽ, തൊട്ടടുത്ത വീട്ടിലെ പത്തു വയസുകാരൻ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതാണ് ഇവർക്കു വിനയായത്.
തെരുവുനായ ഇവരുടെ വീടിനു മുന്നിൽ പതിവായി വന്നു കുരയ്ക്കാറുണ്ട്. ഓടിച്ചു വിടാൻ ശ്രമിച്ചിട്ടും പോകാതിരുന്നതിനെ തുടർന്നാണ് സൽപാലും മകനും പട്ടിയെ തല്ലിക്കൊല്ലാൻ തീരുമാനിച്ചത്. സൽപാലും മകനും ചേർന്ന് പട്ടിയുടെ കഴുത്തിനും തലയ്ക്കും അടിച്ച് കൊല്ലുകയായിരുന്നു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ പത്തു വയസുകാരൻ ഈ വിവരങ്ങൾ തന്‍റെ മാതാപിതാക്കളോടു പറഞ്ഞു.
അവരാണ് ഒരു മൃഗ സംരക്ഷണ പ്രവർത്തകന് ഈ വിവരങ്ങൾ കൈമാറിയത്. അയാൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. മൃഗങ്ങൾക്കെതിരായുള്ള ക്രൂരതകൾ തടയുന്ന നിയമത്തിന്‍റെ 428, 429 വകുപ്പുകൾ ചുമത്തിയാണു സൽപാലിനും മകനുമെതിരേ കേസെടുത്തിരിക്കുന്നത്.
