രാഹുൽഗാന്ധി സഞ്ചരിച്ച വിമാനത്തിന് യന്ത്രത്തകരാർ: അട്ടിമറി ശ്രമമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായതിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. യാത്രാമധ്യേ ആടിയുലഞ്ഞ് ഇടത്തോട്ട് ചെരിഞ്ഞ വിമാനം മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ബള്ളി വിമാനത്താവളത്തിൽ ഇറക്കാനായത്.
സംഭവത്തിൽ രണ്ട് പൈലറ്റുമാർക്കെതിരെ പോലീസ് കേസെടുത്തു. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 336ാം വകുപ്പ് പ്രകാരമാണ് കേസ്. ഡൽഹിയിൽ നിന്ന് ഹൂബ്ബള്ളിയിലേക്ക് നടത്തിയ വിമാനയാത്രയ്ക്കിടെ വ്യാഴാഴ്ച രാവിലെ 10.45−നാണ് സംഭവം. അസാധാരണമായി കുലുങ്ങിയ വിമാനം അപകടകരമായ രീതിയിലാണ് ഇറക്കിയത്. സംഭവം അട്ടിമറി ശ്രമമാണെന്നാരോപിച്ച് കോൺഗ്രസ് വ്യോമയാന ഡയറക്ടർ ജനറലിന് പരാതിനൽകി. സംഭവത്തേക്കുറിച്ച് രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലാൻഡ് ചെയ്യാൻ നിശ്ചയിച്ചതിന് 45 മിനിട്ട് മുന്പ് വിമാനം അപ്രതീക്ഷിതമായി ചരിയുകയും വലിയ ശബ്ദത്തോടെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തെളിഞ്ഞ കാലാവസ്ഥയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നതെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
രാഹുലിനൊപ്പം സഞ്ചരിച്ച കോൺഗ്രസ് നേതാവ് കൗശൽ വിദ്യാർഥി കർണാടക ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതു പ്രകാരമാണ് പോലീസ് കേസെടുത്തത്.
