വല്ലപ്പോഴെങ്കിലും വായ തുറക്കൂ : മോദിയോട് മൻമോഹൻ സിംഗ്
ന്യൂഡൽഹി : കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാൻ വൈകിയതിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗ്. വായ് തുറക്കാത്ത പ്രധാനമന്ത്രിയായിരുന്നു താനെന്ന് വിമർശിച്ച മോദി വല്ലപ്പോഴെങ്കിലും വായ തുറക്കണമെന്ന് മൻമോഹൻ സിംഗ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഞാൻ വായ തുറക്കില്ലെന്നായിരുന്നില്ലോ മോദിയുടെ വിമർശനം. എന്നാൽ, മോദി ഇടയ്ക്കെങ്കിലും സംസാരിക്കണമെന്നാണ് എനിക്കിപ്പോൾ പറയാനുള്ളത്. വിമർശനം കടുത്തപ്പോൾ കഠ്വ, ഉന്നാവ് വിഷയങ്ങളെ അപലപിച്ചതിൽ സന്തോഷമുണ്ടെന്നും സിംഗ് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമന്ത്രിയെ പോലെയുള്ളവർ പ്രതികരിക്കാൻ വൈകിയാൽ കുറ്റവാളികൾക്ക് അത് മുതലെടുപ്പിനുള്ള അവസരമാവും. എന്ത് കുറ്റം ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് അവർ കരുതും. അധികാരികൾ യഥാസമയം ഇടപെട്ട് വ്യക്തമായ സന്ദേശം നൽകണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു. 2012ലെ നിർഭയ സംഭവത്തിന് ശേഷം യു.പി.എ സർക്കാർ നിയമ ഭേദഗതി വരുത്തി ശക്തമായ നടപടിയെടുത്തിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറപുടിയായി പറഞ്ഞു.
രാജ്യത്തെ ബാങ്കിംഗ് മേഖല ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മൻമോഹൻ സിംഗ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇത് പൊതുമേഖലയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. സ്വകാര്യ മേഖലയിലെ ഭൂരിഭാഗം ബാങ്കുകളും കുത്തഴിഞ്ഞ് കിടക്കുകയാണ്. ബാങ്കിംഗ് മേഖല അഴിച്ചുപണിയേണ്ട സമയമായി. സമയം എടുക്കുമെന്നത് ശരിയാണ്. എന്നാൽ ബാങ്കിംഗ് മേഖലയുടെ തകർച്ചയ്ക്ക് കാരണക്കാരായവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സിംഗ് പറഞ്ഞു.



