കാവേരി പ്രശ്നം : പ്രധാനമന്ത്രിയെ കാണുമെന്ന് കമൽ ഹാസൻ
ചെന്നൈ : കാവേരി നദീജല വിനിയോഗ ബോർഡ് ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് നടൻ കമൽ ഹാസൻ. കാവേരി വിഷയത്തിൽ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ കാവേരി മാനേജ്‌മെന്‍റ് ബോർഡ് രൂപീകരിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തിൽ നിന്നും ഇതുവരേയും അനുകൂലമായ പ്രതികരണം വന്നിട്ടില്ല. ബോർഡ് രൂപീകരിക്കണം എന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് മുത്തുക്കറുപ്പൻ എം.പി സ്ഥാനം രാജിവച്ചിരുന്നു. കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡി.എം.കെ ഏപ്രിൽ അഞ്ചിന് തമിഴ്‌നാട് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ആറാഴ്ചക്കകം ബോർഡ് രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടിൽ പ്രക്ഷോഭങ്ങൾ കനക്കുന്നത്.

