ദളിത് സംഘടനകളുടെ ഭാരത് ബന്ദിൽ വ്യാപക അക്രമം, നാല് മരണം
ന്യൂഡൽഹി : പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ നടത്തുന്ന ഭാരത് ബന്ദിൽ വ്യാപക അക്രമം. ബന്ദിനിടെ മധ്യപ്രദേശിൽ ഉണ്ടായ അക്രമങ്ങളിൽ നാല് പേർ മരിച്ചു. മൊറേനയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരും ഭിന്ദ് ജില്ലയിൽ രണ്ടു പേരും മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷം വ്യാപിച്ചതോടെ ഗ്വാളിയോർ, മൊറേന, ഭിന്ദ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധിച്ചു. സംഘർഷ പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിടുകയും തകർക്കുകയും ചെയ്തു. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. രാവിലെ ആഗ്രയിൽ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. നിരവധി കടകൾ പ്രതിഷേധക്കാർ തകർത്തു. വിവിധ ദളിത് സംഘടനകൾക്കൊപ്പം സി.പി.ഐ.എം എൽ പ്രവർത്തകരും ബിഹാറിലെ അരയിൽ പ്രതിഷേധവുമായിറങ്ങി. ഇവർ ട്രാക്കിലിറങ്ങി ട്രെയിൻ തടഞ്ഞു. ജാർഖണ്ധിലെ റാഞ്ചിയിലും പ്രതിഷേധക്കാർ പ്രകടനം നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി.
അതേസമയം, 32 ശതമാനം ദളിതരുള്ള പഞ്ചാബിൽ മുൻകരുതലിന്റെ ഭാഗമായി പൊതുഗതാഗതം റദ്ദാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പഞ്ചാബിലെ കപുർത്തലയിലെ സുഭാൻപുറിൽ പ്രതിഷേധക്കാർ ജലന്ധർ--അമൃത്സർ ദേശീയപാതയും ഹോഷിയാപുരിലെ പാണ്ധ്യ ബൈപ്പാസും പ്രതിഷേധക്കാർ ഉപരോധിച്ചു. ബിഹാറിൽ ട്രെയിൻ തടഞ്ഞതിനെ തുടർന്ന് പട്ന, ഗയ, ജെഹ്്നാബാദ്, ഭഗൽപുർ, അറ, ഡർഭൻഗ, അരാറിയ, നളന്ദ, ഹജിപുർ റെയിൽവേ േസ്റ്റഷനുകളിലെത്തിയവർ വലഞ്ഞു. ഗുജറാത്തിലെ സൗരാഷ്ട്ര, ഭവ്നാഗർ, അമ്്രേലി, ഗിർ സോമനാഥ് ജില്ലകളിലും സംഘർഷം പടർന്നു പിടിച്ചിട്ടുണ്ട്.

