ആയുധത്തെ ആയുധം കൊണ്ടു തന്നെ നേരിടണമെന്ന് അമിത് ഷാ
ന്യൂഡൽഹി : ഇന്ത്യയിലേയ്ക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്കുള്ളഒരേയൊരു പരിഹാരം ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാെണന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ. വെടിയുണ്ടകൾക്കും ബോംബുകൾക്കും നേരെ സമാധാനശ്രമങ്ങൾ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടും നിയന്ത്രണരേഖയിൽ സാഹചര്യങ്ങൾക്ക് മാറ്റമില്ല. പാകിസ്ഥാൻ ഇപ്പോഴും ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടുകയാണ്. ഈ സാഹചര്യത്തിലാണ് ആയുധത്തെ ആയുധം കൊണ്ടു തന്നെ നേരിടണമെന്ന് പറയുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
ഉപതിരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ തോൽവി പ്രാദേശികവികാരം മാത്രമാണെന്നും കർണാടക തിരഞ്ഞെടുപ്പിലും 2019ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നാല് വർഷത്തെ മോദിസർക്കാരിന്റെ നേട്ടങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. മോദിയിപ്പോൾ ലോകത്തേറ്റവും സ്വീകാര്യതയുള്ള നേതാക്കളിലൊരാളാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

