'സൂര്യനും ചന്ദ്രനും സനാതന ധർമ്മത്തിന്റേത്, മുസ്ലിങ്ങൾ ഇനി ചോദിച്ചു വേണം ഈദ് ആഘോഷിക്കാൻ'; ബിജെപി എംഎൽഎയുടെ പരാമർശം വിവാദത്തിൽ
ശാരിക
ഭോപ്പാൽ: സൂര്യനും ചന്ദ്രനും സനാതന ധർമ്മത്തിന്റേതാണെന്നും മുസ്ലിങ്ങൾ ഇനി തങ്ങളോട് ചോദിച്ചു വേണം ഈദ് ആഘോഷിക്കാനെന്നുമുള്ള വിവാദ പരാമർശവുമായി ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ. മധ്യപ്രദേശിലെ ഹുസൂർ മണ്ഡലം എംഎൽഎയായ അദ്ദേഹം ഭോപ്പാലിൽ നടന്ന സ്വദേശി മേളയ്ക്കിടെ സംസാരിക്കവെയാണ് മുസ്ലിം മതവിശ്വാസികളുടെ ആഘോഷങ്ങളെ പരിഹസിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയത്. എംഎൽഎയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ശിവന്റെ നെറ്റിയിലാണ് ചന്ദ്രനുള്ളതെന്നും ശിവൻ ഗുഹയിൽ പോയാൽ ചന്ദ്രനെ കാണാനാകില്ലെന്നും, അങ്ങനെയെങ്കിൽ മുസ്ലിങ്ങൾ എങ്ങനെ ഈദ് ആഘോഷിക്കുമെന്നുമായിരുന്നു രാമേശ്വർ ശർമ്മയുടെ വാക്കുകൾ. ഒക്ടോബർ 24 മുതൽ നവംബർ നാല് വരെ നടക്കുന്ന സ്വദേശി മേളയുടെ വേദിയിൽ വെച്ചായിരുന്നു ഈ വിവാദ പ്രസംഗം. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത്തരം പരാമർശങ്ങളും നടത്തിയത്.
എംഎൽഎയുടെ പ്രസ്താവന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് മുസ്ലിം മതാഘോഷ സമിതി സംസ്ഥാന അധ്യക്ഷൻ സീഷാൻ റഹ്മാൻ ബിജെപി ദേശീയ അധ്യക്ഷന് കത്തയച്ചു. ജനപ്രതിനിധിയുടെ വാക്കുകൾ മതവിശ്വാസികളെ അപമാനിക്കുന്നതാണെന്നും വിഷയത്തിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് തവണ എംഎൽഎയായ ഒരാളിൽ നിന്ന് കൂടുതൽ പക്വതയുള്ള നിലപാടാണ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലിം നേതാവ് അബ്ബാസ് ഹഫീസ് പ്രതികരിച്ചു. ഈദ് ആഘോഷിക്കാൻ മുസ്ലിങ്ങൾ ബിജെപിയുടെ അനുമതി ചോദിക്കേണ്ടതില്ലെന്നും പ്രകൃതിയിലെ ചന്ദ്രൻ എല്ലാവർക്കും പൊതുവായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിനായി വിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരം നേതാക്കളെ പാർട്ടി കടുപ്പിച്ച് നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിയിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം മനുഷ്യകുലത്തിന് മുഴുവൻ പൊതുവായുള്ളതാണെന്നും മതത്തിന്റെ പേരിൽ ഇവയെപ്പോലും വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇസ്ലാമിക പണ്ഡിതൻ തൗഖീർ നിസാമി പറഞ്ഞു. മതാഘോഷങ്ങളെക്കുറിച്ചുള്ള ബിജെപി എംഎൽഎയുടെ ഈ പരാമർശം നിലവിൽ രാഷ്ട്രീയ രംഗത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ വൻ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
ംുനു

