'തട്ടിപ്പിലും തോറ്റ കോൺഗ്രസ്!' ഇന്ത്യാസഖ്യത്തിന്റെ 'എഐ ആൾക്കൂട്ട' ചിത്രത്തെ കളിയാക്കി കിരൺ റിജിജു
ഷീബ വിജയൻ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇന്ത്യാസഖ്യം സംഘടിപ്പിച്ച മഹാറാലിയിലെ ആള്‍ക്കൂട്ടത്തിന്റെ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ വ്യാപകമായി പങ്കുവെച്ച ചിത്രത്തെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. 'രാംലീല മൈതാനം ആളുകൾകൊണ്ട് നിറഞ്ഞുകവിഞ്ഞുവെന്ന് കാണിക്കാൻ ഉണ്ടാക്കിയ വ്യാജ എഐ ചിത്രം പോലും കോൺഗ്രസിന് ശരിയായി ചെയ്യാൻ കഴിഞ്ഞില്ല!' എന്ന് തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് എംപി പങ്കുവെച്ച ചിത്രം ചേർത്തുകൊണ്ട് കിരണ്‍ റിജിജു എക്‌സിൽ കുറിച്ചു. കോൺഗ്രസ് പങ്കുവെച്ച ചിത്രം എഐ നിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. വേദിയിലെ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും ഇത് യഥാർത്ഥ റാലി വേദിയുമായി വലിയ വ്യത്യാസമുണ്ടെന്നുമാണ് ആളുകൾ പറയുന്നത്. ഇന്ത്യാസഖ്യത്തിന്റെ റാലി പൂർണ്ണ പരാജയമായിരുന്നുവെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ പാർട്ടികൾ അവകാശപ്പെട്ടതിന്റെ അടുത്തുപോലും ആളുകൾ ഉണ്ടായിരുന്നില്ലെന്നും മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ 10 ലക്ഷം ആളുകൾ പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ മൈതാനം വലിയ അളവിൽ ശൂന്യമായിരുന്നുവെന്ന് ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു.
fsfddfdf

