അസമിൽ വീണ്ടും ബുൾഡോസർ രാജ്: ധുബ്രിയിൽ 640 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു; 4000-ത്തോളം പേർ ഭവനരഹിതർ


ശാരിക

ഗുവാഹത്തി: അസമിലെ ധുബ്രിയിൽ 640 ബംഗാളി മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഞായറാഴ്ച അധികൃതർ നടത്തിയ വലിയ കുടിയൊഴിപ്പിക്കൽ നടപടിയെ തുടർന്ന് 4,000-ത്തിലധികം ആളുകളാണ് തെരുവിലായത്. ധുബ്രി ജില്ലയിലെ ആലംഗഞ്ച് ഗ്രാമത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെട്ട ഭൂമിയിലാണ് ഭരണകൂടം നടപടി സ്വീകരിച്ചത്.

പ്രദേശവാസികൾക്ക് നേരത്തെ തന്നെ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നതായി ധുബ്രി ജില്ലാ കമ്മീഷണർ ദിബാകർ നാഥ് വ്യക്തമാക്കി. എന്നാൽ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്ന ചില ഭൂഭാഗങ്ങളിലെ ഒഴിപ്പിക്കൽ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിച്ച സ്ഥലം വ്യവസായ പാർക്ക് നിർമ്മിക്കുന്നതിനായി സംസ്ഥാന വ്യവസായ വകുപ്പിന് കൈമാറാനാണ് തീരുമാനമെന്നും, കഴിഞ്ഞ രണ്ട് വർഷമായി ഇതിനായി ഭൂമി അന്വേഷിക്കുകയാണെന്നും ജില്ലാ കമ്മീഷണർ അറിയിച്ചു.

വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജനങ്ങൾ ഈ ഭൂമി കൈയേറി താമസം തുടങ്ങിയതെന്നാണ് അധികൃതരുടെ വാദം. ഇവിടെയുള്ള ഭൂരിഭാഗം പേർക്കും മറ്റ് സ്ഥലങ്ങളിൽ സ്വന്തമായി ഭൂമിയുണ്ടെന്നും ജില്ലാ കമ്മീഷണർ ആരോപിച്ചു. എന്നാൽ അധികൃതരുടെ ഈ വാദങ്ങൾ പ്രദേശവാസികൾ പൂർണ്ണമായും തള്ളി. 1962 മുതൽ തങ്ങൾ ഇവിടെ താമസിച്ചു വരികയാണെന്നും തലമുറകളായി കഴിഞ്ഞിരുന്ന വീടുകളാണ് പൊളിച്ചുനീക്കിയതെന്നും അവർ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. ബ്രഹ്മപുത്ര നദിയിലെ രൂക്ഷമായ വെള്ളപ്പൊക്കത്തെയും തീരശോഷണത്തെയും തുടർന്ന് അയൽ ജില്ലയായ ഗോൽപാറയിൽ നിന്നും കുടിയേറിയവരാണ് ഇവിടെ താമസിച്ചിരുന്നവരിൽ അധികവും.

നിലവിൽ വീടുകൾ നഷ്ടപ്പെട്ടവർ ബന്ധുവീടുകളിലും റോഡരികിൽ ടാർപോളിൻ കെട്ടിയ താൽക്കാലിക ഷെഡുകളിലുമാണ് അഭയം തേടിയിരിക്കുന്നത്. പോകാൻ വേറെ സ്ഥലമില്ലാത്തതിനാൽ കടുത്ത ദുരിതത്തിലാണ് ഈ കുടുംബങ്ങൾ. ബി.ജെ.പി ഭരണത്തിന് കീഴിൽ അസമിൽ കുടിയൊഴിപ്പിക്കൽ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് പുതിയ സംഭവം. രണ്ടാഴ്ച മുൻപാണ് നാഗാവ്, ഹോജായ്, ഗോലാഘട്ട് ജില്ലകളിലായി 1,100-ലധികം മുസ്‌ലിം കുടുംബങ്ങളെ അധികൃതർ ഒഴിപ്പിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ ബി.ജെ.പി ഭരണത്തിനിടയിൽ അസമിൽ ഏകദേശം 19,000-ത്തോളം കുടുംബങ്ങളെയാണ് സർക്കാർ ഭൂമിയിൽ നിന്നും കുടിയൊഴിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗവും മുസ്‌ലിം കുടുംബങ്ങളാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

article-image

ിുിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed