സി.പി.എമ്മിന് പുതിയ ദിശാബോധം വേണമെന്ന് പ്രകാശ് കാരാട്ട്
തിരുവനന്തപുരം : സി.പി.എമ്മിന് പുതിയ ദിശാബോധം വേണമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ-പ്രത്യയശാസ്ത്ര പോരാട്ടങ്ങളിൽ പാർട്ടിക്ക് പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നൽകുന്ന പാഠമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഇ.എം.എസ് അക്കാദമിയിൽ പാർട്ടി പഠന ക്യാന്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ രാഷ്ട്രീയ അടവുനയങ്ങൾ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും. ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും കഴിയും. ഇടതു വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതാണ് ത്രിപുരയിൽ തിരിച്ചടിയായതെന്നും പറഞ്ഞു. ഇതോടൊപ്പം ബി.ജെ.പിയുടെ പണാധിപത്യവും പാർട്ടിയെ തിരിച്ചടിച്ചെന്ന് കാരാട്ട് കൂട്ടിച്ചേർത്തു.
ത്രിപുരയിൽ 45 ശതമാനം വോട്ട് പാർട്ടിക്ക് ലഭിച്ചു. അതിനാൽ തന്നെ അവിടെ പാർട്ടിക്ക് തിരിച്ചുവരാനാവും. കോൺഗ്രസിന്‍റെ നിലപാടും ത്രിപുരയിൽ സി.പി.എമ്മിന് തിരിച്ചടിയായി. കോൺഗ്രസിന്‍റെ ബൂത്ത് തലത്തിലുള്ള അംഗങ്ങൾ വരെ ബി.ജെ.പിയിലേക്ക് ചേക്കേറിയതാണ് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നതിന് കാരണമെന്നും കാരാട്ട് വ്യക്തമാക്കി.

