രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നത് പിഴവ്: ഹാർദിക് പട്ടേൽ
അഹമ്മദാബാദ് : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്പ് കൂടിക്കാഴ്ച നടത്താതിരുന്നതു പിഴവായിരുന്നെന്ന് പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ. മറിച്ചായിരുന്നെങ്കിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നതു തടയാൻ കഴിയുമായിരുന്നെന്നു ഹാർദിക് പട്ടേൽ തുറന്നുസമ്മതിച്ചു.
താൻ രാഹുലിനെ കണ്ടിരുന്നെങ്കിൽ ഗുജറാത്തിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുമായിരുന്നെന്നും ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവെ ഹാർദിക് പറഞ്ഞു.
താൻ മുന്പ് പറഞ്ഞിരുന്നു, ഇപ്പോഴും പറയുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്പ് താൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. മമത ബാനർജി, നിതീഷ് കുമാർ, ഉദ്ദവ് താക്കറെ എന്നിവരെയൊക്കെ താൻ കണ്ടിരുന്നതിനാൽ രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നതിലും പ്രശ്നമില്ലായിരുന്നു. അത് ഒരു പിഴവായിരുന്നു. താൻ അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ ബി.ജെ.പിയെ 99ൽനിന്ന് 79ലേക്ക് ഒതുക്കാൻ കഴിയുമായിരുന്നു− ഹാർദിക് പറഞ്ഞു.
യുവാക്കൾക്കും തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ താനടക്കമുള്ളവരും വിളയ്ക്കു വില ലഭിക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തെ കർഷകരും പ്രധാനമന്ത്രി സ്ഥാനാർഥിയായ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്തിരുന്നെന്നും ഇതുവരെ അതു സംഭവിച്ചില്ലെന്നും ഹാർദിക് ചൂണ്ടിക്കാട്ടി. 182 അംഗ ഗുജറാത്ത് നിയമസഭയിൽ 99 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. കോൺഗ്രസ് ശക്തമായി പോരാടി നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല.

