ഗൗരി ലങ്കേഷിന്‍റെ കൊലപാതകം : അന്വേഷണം ഉടൻ പൂർത്തിയാകുമെന്ന് രാമലിംഗ റെഡ്ഡി
െബംഗളൂരു : മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഉടൻ പൂർത്തിയാകുമെന്ന് കർണാടക മന്ത്രി. പോലീസ് കുറ്റവാളികളെ മനസിലാക്കിയതായും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എന്നാൽ ഇതിമുന്പും മന്ത്രി ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കഴിഞ്ഞ ഒക്ടോബറിൽ കുറ്റവാളികളെ പോലീസ് കണ്ടെത്തിക്കഴിഞ്ഞെന്നും തെളിവുകൾ ശേഖരിച്ചുവരികയാണ് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനു ഒരാഴ്ചയ്ക്കു ശേഷം ഗൗരി ലങ്കേഷിന്‍റെ ഘാതകരെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു. അടുത്തിടെ കേസുമായി ബന്ധപ്പെട്ട് ഹിന്ദുസംഘടനാ പ്രവർത്തകൻ പിടിയിലായതാണ് മന്ത്രിയുടെ പുതിയ ആത്മവിശ്വാസത്തിനു കാരണം. നാടൻ പിസ്റ്റലും വെടിയുണ്ടകളുമായി ഫെബ്രുവരി 18−നാണ് മാണ്ധ്യ മദ്ദൂർ സ്വദേശി നവീൻ കുമാറിനെ (38) പോലീസ് അറസ്റ്റു ചെയ്തത്.
ആയുധക്കടത്തിനോടൊപ്പം തോക്ക് ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യവുമുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറിയത്. ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച നാടൻ പിസ്റ്റലിന് സമാനമായ തോക്കാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഗൗരി ലങ്കേഷ് വധത്തിൽ നവീൻകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. ഗുണ്ടാ സംഘങ്ങൾക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന നവീൻ കുമാർ ആവശ്യത്തിന് പരിശീലനവും നൽകാറുണ്ട്.

