ദാവൂദിന്റെ പ്രധാനകൂട്ടാളി അറസ്റ്റിൽ
മുംബൈ : അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാനകൂട്ടാളി അറസ്റ്റിൽ. 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതികളിലൊരാളായ ഫറൂഖ് തക്ലയാണ് പിടിയിലായത്. ഇയാളെ ദുബൈയിൽ നിന്ന് മുംബൈയിലെത്തിച്ച് തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരാക്കി.
മുംബൈ സ്‌ഫോടനത്തിനു ശേഷം ഇയാൾ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് 1995ൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെ ഇപ്പോൾ സി.ബി.ഐ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
ദുബൈയിലും പാകിസ്ഥാനിലും ഒളിവിൽ കഴിയുന്ന പ്രതികളെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഫറൂഖ് തക്ലയുടെ അറസ്റ്റ്. ഇത് വലിയ ഒരു വിജയമാണ്. മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ ഫറൂഖ് തക്ല ദുബൈയിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇയാൾ പടിയിലായത് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് വലിയ തിരിച്ചടിയാണ്− സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം പറഞ്ഞു.
മുംബൈയിൽ വിവിധയിടങ്ങളിലായി 12 ബോംബ് സ്‌ഫോടനങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടത്തിയത്. സ്‌ഫോടനത്തിൽ 257 പേര് കൊല്ലപ്പെടുകയും 700ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനിൽ കഴിയുന്ന ദാവൂദിനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല.

