വായ്പയടക്കാതെ മുങ്ങിനടക്കുന്ന വിദഗ്ധനാണ് ഗൗതം അദാനിയെന്ന്് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി : പൊതുമേഖല ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതിൽ വിദഗ്ധനാണ് ഗൗതം അദാനിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കടം തിരിച്ചടയ്ക്കാതെ രക്ഷപെട്ട് നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് ഗൗതം അദാനി എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയിൽ നിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാൽപര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിട്ടാക്കടത്തിന്റെ പേരിൽ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതീ സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമിയുടെ ട്വീറ്റിന് പിന്നാലെ ബുധനാഴ്ച ഒറ്റദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ നിന്ന് നഷ്ടമായത് 9000 കോടി രൂപയാണ്. അദാനി ട്രാൻസ്മിഷന്റ ഓഹരിവില 7.72 ശതമാനവും അദാനി എന്റർപ്രൈസസിന്റെ ഓഹരിവില 7.24 ശതമാനവും അദാനി പോർട്സിന്റേത് 6.53 ശതമാനവും അദാനി പവറിന്റേത് 6.6 ശതമാനവും ഇടിഞ്ഞു.

