മദ്യശാല : പഞ്ചായത്തുകൾക്ക് ഇളവ് നൽകുന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : സംസ്ഥാന, ദേശീയ പാതയോരത്തെ മദ്യശാലകൾക്ക് നിരോധനമേർപ്പെടുത്തിയ വിഷയത്തിൽ, പഞ്ചായത്തുകൾക്ക് ഇളവു നൽകുന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. ഏതൊക്കെയാണ് പട്ടണങ്ങൾ എന്ന് സംസ്ഥാന സർക്കാരിനു തീരുമാനിക്കാം. ഇതിനുള്ള വ്യവസ്ഥകളും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
ദേശീയ, സംസ്ഥാന പാതകൾക്ക് 500 മീറ്റർ ദൂരപരിധിയിലുള്ള ബാറുകൾ പൂട്ടാൻ 2017 മാർച്ച് 30ന് സുപ്രീംകോടതി ഉത്തവിട്ടിരുന്നു. ബാറുടമക ഈ വിധിക്കെതിരെ അപ്പീൽ നൽകിയതിനെത്തുടർന്ന് മുനിസിപ്പാലിറ്റി മേഖലയിൽ മദ്യശാലകൾ തുറക്കുന്നതിനുള്ള നിയന്ത്രണം സുപ്രീംകോടതി നീക്കിയിരുന്നു. പുതിയ വിധി പുറത്തുവന്നതോടെ ദേശീയ പാതകൾക്ക് അരികിലുള്ള പഞ്ചായത്തുപ്രദേശങ്ങളിൽ ബാറുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിന് തീരുമാനിക്കാം. ഇതിനായി നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല. അഞ്ഞൂറോളം കള്ളുഷാപ്പുകൾക്കും, മൂന്ന് ത്രീ സ്റ്റാർ ബാറുകൾക്കും സർക്കാർ അനുവദിച്ചാൽ തുറന്നു പ്രവർത്തിക്കാനാകും.
ബാറുകൾ ഉൾപ്പെടെ ദേശീയ സംസ്ഥാന പാതയോരത്തെ 500 മീറ്റർ പരിധിയിൽ വരുന്ന എല്ലാ മദ്യശാലകളും പൂട്ടണമെന്നാണ് സുപ്രീകോടതി ഉത്തരവിട്ടത്. ദേശീയപാതയോരത്തെ മദ്യവിൽപ്പനശാലകൾക്ക് മാത്രമായി ഉത്തരവ് നിജപ്പെടുത്തണമെന്ന ആവശ്യം അന്ന് കോടതി തള്ളിയിരുന്നു. ഇരുപതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള തദ്ദേശ ഭരണപ്രദേശങ്ങളിൽ ദൂരപരിധി 200 മീറ്ററായി കുറച്ചു. വിധിയെത്തുടർന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ ദേശീയ, സംസ്ഥാന പാതയോരത്തെ 500 മീറ്റർ പരിധിയിൽ വരുന്ന എല്ലാ മദ്യശാലകളും പൂട്ടി. സംസ്ഥാനത്ത് 1825 മദ്യശാലകളാണ് പൂട്ടിയത്. സർക്കാർ ഉടമസ്ഥതയിലുള്ള 159 മദ്യവിൽപ്പന കേന്ദ്രങ്ങൾ, 1080 കള്ളുഷാപ്പുകൾ, 18 ക്ലബ്ബൂകൾ, 11 പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവയാണ് പൂട്ടിയത്.
പാതയോര മദ്യശാലകൾ അനുവദിക്കാനായി ദേശീയ പാതയുടെ പദവി എടുത്തുമാറ്റിയ ചണ്ധീഗഡ് ഭരണകൂടത്തിന്റെ നടപടി ശരിവച്ച കോടതി പിന്നീട് മുനിസിപ്പൽ മേഖലകൾക്ക് ഇളവു നൽകി. ഇപ്പോൾ പഞ്ചായത്തുകള്ക്കും ഇളവ് ബാധകമാക്കി.

