ആരോഗ്യ മുന്നറിയിപ്പ് : കർണാടക ഹൈക്കോടതി ഉത്തരവിന് േസ്റ്റ
ന്യൂഡൽഹി : സിഗരറ്റ് കൂടിന്റെ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് നൽകണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ കർണാടക ഹൈക്കോടതി നടപടിക്ക് സുപ്രീംകോടതി ഇടക്കാല േസ്റ്റ അനുവദിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയുടെ ഡിസംബർ 15ലെ വിധി േസ്റ്റ ചെയ്തത്.
കർണാടക ഹൈക്കോടതിയുടെ നടപടിയെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തു. പുകവലിക്കുന്നയാൾ മാത്രമല്ല, കുടുംബാംഗങ്ങളും സമൂഹവും അതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയുടെ ആനൂകൂല്യം പുകയില ഉൽപന്ന നിർമാതാക്കൾ മുതലെടുക്കുമെന്നും അദ്ദേഹം വാദിച്ചു. കേന്ദ്രത്തിന്റെ വാദങ്ങളെ മറുഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. പാക്കറ്റിലെ ആരോഗ്യ മുന്നറിയിപ്പ് 50 ശതമാനം ഭാഗത്തേക്കാക്കി ഇടക്കാലത്തേക്ക് നിശ്ചയിക്കണമെന്നും പിന്നീടു വിഷയത്തിൽ വാദം കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെയും കേന്ദ്രം എതിർത്തു.
ഹെൽത്ത് ഫോർ മില്ല്യൺസ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടേതുൾപ്പെടെ നിരവധി ഹർജികളാണ് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയിലെത്തിയത്. പുകയില ഉൽപന്നങ്ങളുടെ പാക്കറ്റിൽ 85 ശതമാനം ഭാഗത്ത് ചിത്രം സഹിതം ആരോഗ്യമുന്നറിയിപ്പ് നൽകണമെന്ന 2014ലെ ചട്ട ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നടപടി.

