തിരഞ്ഞെടുപ്പ് വിജയം വികസനത്തിനും നല്ല ഭരണത്തിനുമുള്ള അംഗീകാരം: പ്രധാനമന്ത്രി
ന്യൂഡൽഹി : ഗുജറാത്തിലെയും ഹിമാചലിലെയും വിജയം വികസനത്തിനും നല്ല ഭരണത്തിനുമുളള അംഗീകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ കഠിനാദ്ധ്വാനത്തെ സല്യൂട്ട് ചെയ്യുന്നു. അവരുടെ ശ്രമങ്ങളാണ് പാർട്ടിയുടെ വലിയ വിജയത്തിന് കാരണമായതെന്നും മോഡി ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പിയിൽ വിശ്വാസമർപ്പിച്ച ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾക്ക് മുന്പിൽ തലകുന്പിടുകയാണ്. ജനോപകാരപ്രദമായ വികസനം നടത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു. നിങ്ങൾക്കായി അക്ഷീണം പരിശ്രമിക്കും. മോഡി പറഞ്ഞു. കൂടാതെ ബി.ജെ.പി പ്രവർത്തകർക്ക് മോഡി നന്ദിയും അറിയിച്ചു.
ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിലും 100 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷവുമായാണ് ബി.ജെ.പി ഗുജറാത്തിൽ ഭരണം ഉറപ്പിച്ചത്. 79 സീറ്റുകളിൽ ജയിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസ്സിനുമുണ്ട്.
ഹിമാചലിൽ നേരത്തെ 26 സീറ്റുകളിൽ ഒതുങ്ങി നിന്ന ബി.ജെ.പിക്ക് 44 സീറ്റുകളുമായി മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. ഹിമാചൽ കോൺഗ്രസ്സിൽ നിന്ന് പിടിച്ചെടുത്ത ബി.ജെ.പിക്ക് വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു. കോൺഗ്രസ് 36 സീറ്റിൽ നിന്ന് 21−ലേക്ക് ഒതുങ്ങി. അതേസമയം ഹിമാചലിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ദൂമൽ തോറ്റത് ബി.ജെ.പിക്ക് തിരിച്ചടിയായി.

