അഭിഷേക് ബാനർജിയുടെ വീടിനു നേറെയുള്ള ആക്രമണം: ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി
ഷീബ വിജയൻ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവരുടെ കയ്യിൽ എത്ര ബുൾഡോസറുകളുണ്ടെന്നും ധൈര്യശാലികളാണെങ്കിൽ തന്റെ നെഞ്ചിലൂടെ ബുൾഡോസറുകൾ കയറ്റൂവെന്നും മമത വെല്ലുവിളിച്ചു. അഭിഷേകിന്റെ വീടിനു നേറെയുള്ള ആക്രമണം കടുത്ത ഗുണ്ടായിസമാണെന്നും 'ഇൻഡ്യ' സഖ്യത്തിന്റെ ഭാഗമായതിലുള്ള രാഷ്ട്രീയ വിദ്വേഷമാണ് ഇതിന് പിന്നിലെന്നും അവർ വ്യക്തമാക്കി.
ജന്മദിനാഘോഷങ്ങൾക്കിടെ ബിജെപി പ്രവർത്തകർ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് അഭിഷേക് ബാനർജിയുടെ ആരോപണം. കഴിഞ്ഞ ആറ് മാസത്തിനിടെ തനിക്കുനേരെ നടക്കുന്ന ഏഴാമത്തെ വധശ്രമമാണിത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അവർ കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട ഒരു എംപിക്ക് ഇതാണ് അവസ്ഥയെങ്കിൽ ബംഗാളിലെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സോഷ്യൽ മീഡിയയിലൂടെ അക്രമത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, അഭിഷേക് ബാനർജിയുടെ ആരോപണങ്ങൾ ബിജെപി പൂർണ്ണമായും തള്ളി. സംഭവത്തെ വെറുമൊരു 'നാടകം' എന്നാണ് ബിജെപി നേതാവ് ദിലീപ് ഘോഷ് വിശേഷിപ്പിച്ചത്. അർധരാത്രിയിൽ നടപ്പാതയിൽ ജന്മദിനാഘോഷം നടത്തുമ്പോൾ ജനങ്ങൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
dfsfddfsdsf

