സിറിൽ രാമഫോസ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട്
ജൊഹാനസ്ബർഗ് : സിറിൽ രാമഫോസ (65)യെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ (എ.എൻ.സി) പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡണ്ട് ജേക്കബ് സുമയുടെ മുൻ ഭാര്യ എൻകോസസാന ഡിലാമിനി സുമയെ മറികടന്നാണ് ഡെപ്യൂട്ടി പ്രസിഡണ്ടായ രാമഫോസ അധ്യക്ഷനായത്. രാമഫോസയ്ക്ക് 2,440 വോട്ട് ലഭിച്ചപ്പോൾ ഡിലാമിനിക്ക് 2,261 പേരുടെ പിന്തുണ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഡേവിഡ് മബൂസയാണ് പുതിയ ഡെപ്യൂട്ടി പ്രസിഡണ്ട്.
അഴിമതിയാരോപണങ്ങളിൽ മുങ്ങിനിൽക്കുന്ന ജേക്കബ് സുമയുടെ പിന്തുണയാണ് ഡിലാമിനിക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തുന്നു. 1994ൽ വെള്ളക്കാരുടെ ഭരണം അവസാനിച്ചപ്പോൾ മുതൽ എല്ലാ സർക്കാരുകളിലും നിർണായക വകുപ്പുകളിൽ മന്ത്രിയായിരുന്നു ഡിലാമിനി. ഡിലാമിനിയെ പിന്തുണയ്ക്കുന്ന 122 പ്രതിനിധികളെ സമ്മേളനത്തിൽ വോട്ടുചെയ്യുന്നതിൽ നിന്നു കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇത് രാമഫോസയ്ക്ക് അനുകൂല ഘടകമാകാൻ സഹായിച്ചു.

