ഗുജറാത്തിൽ ആറാം തവണയും ബി.ജെ.പി : ഹിമാചൽപ്രദേശ് പിടിച്ചെടുത്തു


അഹമ്മദാബാദ് : രാജ്യം ഉറ്റുനോക്കിയ ഗുജറാത്തിലെയും ഹിമാചൽ‍പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കൊപ്പം. ഗുജറാത്തിൽ‍ തുടർ‍ച്ചയായ ആറാം തവണയും ഭരണം നിലനിർ‍ത്തിയ ബി.ജെ.പി ഹിമാചൽ‍ കോൺ‍ഗ്രസിൽ‍ നിന്ന് പിടിച്ചെടുത്തു. 

ഗുജറാത്തിൽ ആകെയുള്ള 182 സീറ്റിൽ ഒടുവിൽ വിവരം ലഭിക്കുന്പോൾ 87 സീറ്റിൽ വിജയിച്ച ബി.ജെ.പി 11 സീറ്റിൽ ലീഡ് ചെയ്യുകയാണ്്. 76 സീറ്റിൽ വിജയിച്ച കോൺഗ്രസ് നാല് സീറ്റിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ രണ്ട് സീറ്റിൽ വിജയിച്ചപ്പോൾ രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു.

ആദ്യ റൗണ്ട് വോട്ടെണ്ണൽ‍ അവസാനിക്കുന്പോൾ‍ ഗുജറാത്തിലെ ഒട്ടുമിക്ക സീറ്റുകളിലും മുന്നേറിയ ബി.ജെ.പിക്ക് പക്ഷെ രണ്ടാം റൗണ്ട് വോട്ടെണ്ണൽ‍ ആരംഭിച്ചപ്പോൾ‍ തിരിച്ചടി നേരിട്ടു. ഒരു ഘട്ടത്തിൽ‍ 85 സീറ്റിൽ‍ വരെ മൂന്നിട്ട് നിന്ന കോൺ‍ഗ്രസ് പതിറ്റാണ്ടുകൾ‍ക്ക് ശേഷം ബി.ജെ.പിയേക്കാൾ‍ മുന്നിലെത്തിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ‍ തുടങ്ങിയ പ്രമുഖരെല്ലാം ഒരു ഘട്ടത്തിൽ‍ പിന്നിലായെങ്കിലും ഒടുവിൽ‍ വിജയിച്ചുകയറി.

രാഹുൽ‍ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള ബലപരീക്ഷണത്തിന് വേദിയായ തിരഞ്ഞെടുപ്പിൽ‍ കോൺ‍ഗ്രസ് നിലമെച്ചപ്പെടുത്തി. കഴിഞ്ഞതവണ 61 സീറ്റുകളിലാണ് കോൺ‍ഗ്രസ് വിജയിച്ചത്. പ്രധാനമന്ത്രി മുതലുള്ള ക്യാബിനറ്റ് മന്ത്രിമാർ‍ കിണഞ്ഞ് പരിശ്രമിച്ച ബി.ജെ.പി കോട്ടയിൽ‍ വിള്ളലുണ്ടാക്കാൻ സാധിച്ചതിന്‍റെ ആശ്വാസം കോൺ‍ഗ്രസിനുണ്ട്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 115 സീറ്റുകൾ ലഭിച്ചിരുന്നു. ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും പട്ടേൽ‍ സമുദായത്തിന്‍റെ എതിർ‍പ്പുകളും മറികടന്ന് തരക്കേടില്ലാത്ത വിജയം കൈവരിച്ചതിന്‍റെ ആവേശത്തിലാണ് ബി.ജെ.പി. 

അതേസമയം ഗുജറാത്തിൽ‍ കോൺ‍ഗ്രസിന് കരുത്ത് പകർ‍ന്ന ഒ.ബി.സി നേതാവ് അൽ‍പേഷ് താക്കൂർ‍‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവർ‍ ആദ്യമായി സഭയിലെത്തി. മുൻ സംസ്ഥാന കോൺ‍ഗ്രസ് അദ്ധ്യക്ഷന്‍മാരായ സിദ്ധാർ‍ഥ് പട്ടേൽ‍, അർ‍ജുൻ മൊദ്്വാദിയ എന്നിവർ‍ പരാജയം രുചിച്ചു.

ഹിമാചൽപ്രദേശിൽ ഭരണവിരുദ്ധ വികാരം കോൺ‍ഗ്രസിന് തിരിച്ചടിയായി. തുടക്കം മുതലേ ലീഡ് കൈവിടാതെയാണ് ബി.ജെ.പി മുന്നേറിയത്. ഹിമാചൽ പ്രദേശിൽ ആകെയുള്ള 68 സീറ്റിൽ ഒടുവിൽ വിവരം ലഭിക്കുന്പോൾ 21 സീറ്റിൽ വിജയിച്ച ബി.ജെ.പി 24 സീറ്റിൽ ലീഡ് ചെയ്യുന്നു. ഒന്പത് സീറ്റിൽ വിജയിച്ച കോൺഗ്രസ് 10 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺ‍ഗ്രസ്: 36, ബി.ജെ.പി: 27 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റ്. 

വിജയ തിളക്കത്തിനിടയിലും ഹിമാചൽപ്രദേശിൽ ബി.ജെ.പി പരാജയത്തിന്റെ കയ്പ്പറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബി.ജെ.പി ഉയർത്തി കാട്ടിയിരുന്ന പ്രേംകുമാർ ധൂമൽ ദയനീയമായി തോറ്റു. ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. തുടർന്ന് ബി.ജെ.പി ദേശിയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ധൂമലിനെ തീരുമാനിച്ചത്. 

ജെ.പി. നഡ്ഡ, പ്രേംകുമാർ ധൂമൽ, അനുരാഗ് താക്കൂർ എന്നിവരാണ് ഹിമാചൽപ്രദേശിലെ പ്രധാന ബി.ജെ.പി നേതാക്കൾ. ധൂമലിനേറ്റ കനത്ത പരാജയത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നഡ്ഡയ്ക്കും താക്കൂറിനുമാണ് സാധ്യത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed