ഇവാൻക ട്രംപ് ഇന്ത്യയിലെത്തി
ഹൈദരാബാദ് : അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻകട്രംപ് ഇന്ത്യയിൽ. ഹൈദരാബാദിൽ ആഗോള സംരംഭക ഉച്ചകോടിയിൽ (ജി.ഇ.എസ് 2017)പങ്കെടുക്കാനാണ് ഇവാൻക എത്തിയത്. ഇന്ത്യയിലേക്കുള്ള ഇവാൻകയുടെ പ്രഥമ സന്ദർശനമാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്ക്കും യു.എസ്സിനും ഒരുമിച്ചു ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് ഇവാൻക പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്നതിൽ താൻ എറെ ആവേശത്തിലാണ്. ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാമെന്നാണ് പ്രതീക്ഷയെന്നും ഇവാൻക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവരോടൊപ്പം ആഗോള സംരംഭക ഉച്ചകോടിയിൽ ഉദ്ഘാടനച്ചടങ്ങിൽ ഇവാൻക സംസാരിക്കും. രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഇവാൻകയെ അധികൃതർ സ്വീകരിച്ചു. തൊഴിലിടത്തിൽ സ്ത്രീസാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ ഉച്ചകോടിയിൽ നടക്കുന്ന ചർച്ചയിലും അവർ പങ്കെടുക്കും.
‘വനിതകൾ ആദ്യം’ എന്നാണ് ഇത്തവണത്തെ പ്രമേയം. ഇവാൻകയ്ക്ക് ഹൈദരാബാദിലെ താജ് ഫലാക്നുമ കൊട്ടാരത്തിൽ പ്രധാനമന്ത്രി അത്താഴവിരുന്ന് ഒരുക്കും. 10,000 പോലീസുകാരെ കൂടാതെ എസ്.പി.ജി സുരക്ഷയും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. 150 രാജ്യങ്ങളിലെ 1500 സംരംഭകരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ, യു.എസ് എന്നിവിടങ്ങളിൽനിന്ന് 400 വീതം പ്രതിനിധികൾ പങ്കെടുക്കും. ആകെ പ്രതിനിധികളിൽ 52.5 ശതമാനവും വനിതകളാണ്. അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ 10 രാജ്യങ്ങൾ വനിതാപ്രതിനിധികളെ മാത്രമാണ് അയച്ചിരിക്കുന്നത്. ജോൺ ചേംബേർസ്, ചെറി ബ്ലെയർ, പ്രേം വത്‍സ, മാർകസ് വാല്ലൻബർഗ്, ഐ.സി.ഐ.സി.ഐ ഡയറക്ടർ ഛന്ദ കൊച്ചാർ, ഡി.ആർ.ഡി.ഒ ഡയറക്ടർ ടെസി തോമസ്, ടെന്നിസ് താരം സാനിയ മിർസ, ഡയാന ലൂയിസ് പട്രീഷ ലേഫീൽഡ്, റോയ മെഹ്ബൂബ്, മിസ് വേൾഡ് മാനുഷി ഛില്ലർ, നടി സോനം കപൂർ, അദിതി റാവു, ക്രിക്കറ്റ് താരം മിതാലി രാജ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. യു.എസ് േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റ്, നീതി ആയോഗ് എന്നിവയാണ് മുഖ്യസംഘാടകർ.


