നഗ്നചിത്രത്തിന് പകരമായി പാകിസ്ഥാന് വ്യോമസേനാ രഹസ്യങ്ങൾ ചോർത്തി നൽകി; വിങ് കമാൻഡർക്കെതിരെ ഡൽഹി പൊലീസിന്റെ കുറ്റപത്രം
ശാരിക
ന്യൂഡൽഹി: നഗ്നചിത്രങ്ങൾക്ക് പകരമായി പാക് ചാരസംഘടനയ്ക്ക് അതീവ രഹസ്യ സൈനിക വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യോമസേനയുടെ രഹസ്യ യുദ്ധപദ്ധതികൾ, ഡ്രോൺ യൂണിറ്റുകളുടെ പ്രവർത്തനശേഷി, യുദ്ധവിമാനങ്ങളുടെ വിന്യാസം, സൈനിക അഭ്യാസങ്ങൾ, അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് ഇയാൾ കൈമാറിയത്.
ഔദ്യോഗിക രഹസ്യനിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് മാസമായി വ്യോമസേനാ ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിലാണ്. 2026 ജനുവരി 12 മുതൽ ഏപ്രിൽ 1 വരെ വാട്സ്ആപ്പ് വഴിയാണ് ഇയാൾ പാക് ചാരസംഘടനയുമായി ബന്ധമുള്ള വ്യക്തിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്നും ഈ കാലയളവിൽ അതീവ രഹസ്യസ്വഭാവമുള്ള സൈനിക വിവരങ്ങൾ കൈമാറിയെന്നുമാണ് പൊലീസ് പറയുന്നത്.
ഏപ്രിൽ ഒന്നിന് ഓഫീസിലേക്ക് സ്മാർട്ട്ഫോൺ കൊണ്ടുപോയതിനെ തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പാക് ചാരസംഘടനയുമായി ബന്ധമുള്ള വ്യക്തി വിങ് കമാൻഡർക്ക് ഒരു നഗ്നചിത്രം അയച്ചുനൽകിയെന്നും പകരമായി വ്യോമസേനയുടെ രഹസ്യ യുദ്ധപദ്ധതിയുടെ ഒരു പേജ് ഇയാൾ കൈമാറിയെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം. ഓരോ നഗ്നചിത്രം ലഭിക്കുമ്പോഴും യുദ്ധപദ്ധതിയുടെ രേഖകളിൽ നിന്ന് ഓരോ പേജ് വീതം നൽകാമെന്ന നിർദേശവും പ്രതി മുന്നോട്ടുവച്ചിരുന്നതായി പൊലീസ് ആരോപിക്കുന്നു.
പാക് ഓപ്പറേറ്റർ പ്രതിക്ക് മാൽവെയർ, സ്പൈവെയർ എന്നിവ അടങ്ങിയ ആപ്പുകളും ലിങ്കുകളും അയച്ചുനൽകിയെന്നതാണ് മറ്റൊരു ഗുരുതരമായ വെളിപ്പെടുത്തൽ. ഇവ ഉപയോഗിച്ച് മൊബൈൽ ഫോണുകളിലെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലെയും രഹസ്യവിവരങ്ങൾ ചോർത്താൻ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥനും പാകിസ്ഥാൻ പ്രവർത്തകനും തമ്മിൽ നടന്ന ആശയവിനിമയങ്ങളുടെ ഡിജിറ്റൽ രേഖകൾ ഡൽഹി പോലീസ് കുറ്റപത്രത്തിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതിയും പാക് ഓപ്പറേറ്ററും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശ പരിശോധനയിൽ, 3,008 ടെക്സ്റ്റ് സന്ദേശങ്ങൾ, 65 ചിത്രങ്ങൾ, 65 പ്രതികരണങ്ങൾ, 42 വോയ്സ് കോളുകൾ, നാല് വീഡിയോ കോളുകൾ, ആറ് വെബ് ലിങ്കുകൾ എന്നിവ കൈമാറിയതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
jgjgj


