സതീശൻ സി.പി.എം ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് കുമ്മനം
കയ്പ്പമംഗലം: കയ്പ്പമംഗലത്ത് ബി.ജെ.പി പ്രവർത്തകൻ സതീശനെ ആക്രമിച്ചു കൊലപ്പെടുത്തിയത് സി.പി.എം ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കയ്പ്പമംഗലത്ത് സി.പി.എം-−ബി.ജെ.പി സംഘർഷത്തിൽ പരിക്കേറ്റു മരണമടഞ്ഞ സതീശന്റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളും പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമങ്ങളും വർദ്ധിച്ചുവരികയാണ്. ക്രമസമാധാനം താറുമാറായി. പല കൊലക്കേസുകളിലും ഗൂഡാലോചനകളിൽ പങ്കെടുത്ത ആളുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് തിരക്കുന്നില്ല. അവരെ നിയമത്തിനു മുന്പിൽ കൊണ്ടു വരുന്നില്ല. എല്ലാ കേസുകളും തേച്ചുമാച്ചു കളയുകയാണ്. മരിച്ച സതീശൻ ജനരക്ഷാ യാത്രയിൽ പങ്കെടുത്ത ആളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പല കൊലപാതക കേസുകളിലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണ്. സി.പി.എം പല കേസുകളിലും മൗനം പാലിക്കുകയാണ്. കയ്പ്പമംഗലത്ത് ഇത് നാലാമത്തെ കൊലപാതകമാണ്. പ്രതികൾ രക്ഷപെടാൻ വേണ്ടി മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്. 302ാം വകുപ്പ് ചുമത്തി കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.


